മലയാള സിനിമയിലേക്ക് ധൃതിപിടിച്ച് മടങ്ങിവരില്ലെന്ന് മീന. ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് മകള്‍ നൈനികയുടെ കാര്യങ്ങള്‍ക്കാണെന്നും മീന പറഞ്ഞു.

നൈനികയ്ക്കിപ്പോള്‍ ഒന്നര വയസ്സായി. അമ്മയെന്ന നിലയിലുള്ള കടമകള്‍ നൂറ് ശതമാനം ആത്മാര്‍ത്ഥമായി ചെയ്യുന്നതിലാണ് താന്‍ ആനന്ദം കണ്ടെത്തുന്നതെന്നും മീന വ്യക്തമാക്കി.

Ads By Google

മലയാളത്തിലെന്നല്ല മറ്റൊരു ഭാഷയിലും ഓടി നടന്ന് അഭിനയിക്കുന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും മീന പറഞ്ഞു.

പുതുതായി ഒരു കരാറിലും താന്‍ ഒപ്പിട്ടിട്ടില്ല. സിനിമയിലഭിനയിക്കാന്‍ തുടങ്ങിയാല്‍ ഒരുപാട് സമയം ഷൂട്ടിങ്ങിനായി മാറ്റിവയ്‌ക്കേണ്ടി വരും. ഇപ്പോള്‍ തനിക്ക് അതിനുള്ള സമയമില്ല. എന്നുവെച്ച് അഭിനയരംഗത്തേക്കില്ലെന്നല്ല. ഒരു നടിയെന്ന നിലിയില്‍ വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങള്‍ തേടിവന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും മീന വ്യക്തമാക്കി.

2009ല്‍ ഇറങ്ങിയ കഥ പറയുമ്പോള്‍ എന്ന ചിത്രമായിരുന്നു മീനയുടേതായി മലയാളത്തില്‍ അവസാനം ഇറങ്ങിയത്. ഈ ചിത്രത്തിലെ കഥാപാത്രം ഏറെ പ്രിയ്യപ്പെട്ടതാണെന്നും മീന വ്യക്തമാക്കി.

ബാബുരാജിന്റെ നായികയായി മീന മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീവാസാവി വൈഭവം എന്ന തെലുങ്ക് ചിത്രത്തില്‍ അടുത്തിടെ മീന ദേവിയായി പ്രത്യക്ഷപ്പെട്ടിരുന്നു.

തെലുങ്കിലെ ഒരു ചാനലില്‍ റിയാലിറ്റി ഷോ വിധി കര്‍ത്താവ് കൂടിയാണ് മീന. സിനിമകള്‍ക്ക് ചെലവഴിക്കേണ്ട സമയത്തേക്കാള്‍ കുറച്ച്  സമയം മതിയെന്ന കാരണത്താലാണ് ചാനലില്‍ വിധി കര്‍ത്താവായതെന്നും ഈ അഭിനേത്രി പറഞ്ഞു.