എഡിറ്റര്‍
എഡിറ്റര്‍
ജ്വല്ലറി ഫോട്ടോഷൂട്ട് എന്ന പേരില്‍ തട്ടിപ്പ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മറീന കുരിശിങ്കല്‍
എഡിറ്റര്‍
Thursday 18th May 2017 3:49pm

സിനിമാ മോഡലിങ് മേഖലകളില്‍ സ്ത്രീകളെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികളാണ്. പലരുടേയും വാക്ക് വിശ്വസിച്ച് ചതിക്കുഴിയില്‍പ്പെടുന്നവരും നിരവധിയാണ്. എന്നാല്‍ പലരും അത് പുറത്തുപറയാറില്ലെന്ന് മാത്രം. എന്നാല്‍ മോഡലിങ്ങിന്റെ പേരില്‍ താന്‍ നേരിട്ട തട്ടിപ്പിന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും മോഡലുമായ മറീന മൈക്കിള്‍ കുരിശിങ്കല്‍.

ഒരു പ്രശസ്ത  ജ്വല്ലറിക്കു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനു വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്ന് മറീന പറയുന്നു.   സുഹൃത്തുക്കള്‍ വഴി വന്ന ഓഫര്‍ ആയതു കൊണ്ടും വിശ്വസീനീയമായ അയാളുടെ അവതരണം കൊണ്ടും മറ്റൊന്നും ആലോചിക്കാതെ ഫോട്ടോ ഷൂട്ടിന് സമ്മതിക്കുകയായിരുന്നെന്നും നടി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.


Dont Miss ‘വിശ്വ പ്രണയത്തിന്റെ രാജകീയ മാതൃക’; സാധാരണക്കാരനായ കൂട്ടുകാരനെ സ്വന്തമാക്കാന്‍ രാജകീയ പദവി വേണ്ടെന്നുവെച്ച് ജപ്പാന്‍ രാജകുമാരി 


ഫോട്ടോ ഷൂട്ടിന്റെ ദിവസം അടുത്തിട്ടും ലൊക്കേഷന്‍ എവിടെയെന്ന് ചോദിക്കുമ്പോഴൊക്കെ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഷൂട്ടിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും നല്‍കാന്‍ ഇയാള്‍ തയാറായില്ല. തങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് ടീമാണെന്നും മോഡലിംഗ് രംഗത്ത് അധികം പരിചയമില്ലെന്നും പറഞ്ഞത് വിശ്വസിച്ച് ആദ്യമൊന്നും താന്‍ ഇത് കാര്യമായി എടുത്തിരുന്നില്ലെന്നും മറീന പറയുന്നു.

ഫോട്ടോഷൂട്ടിന്റെ അന്ന് രാവിലെ താന്‍ തന്നെ മറീനയെ കൂട്ടികൊണ്ടു പോകാമെന്നും ഷൂട്ടിംഗിനുള്ള മുഴുവന്‍ ടീമും കാത്തിരിക്കുന്ന സ്ഥലത്തേക്ക് ആദ്യം പോകാമെന്നും മറീനയോട് ഇയാള്‍ പറയുകയായിരുന്നു.

എന്നാല്‍ ലൊക്കേഷന്‍ എവിടെയാണെന്ന് പറഞ്ഞാല്‍ മതി താന്‍ ലൊക്കേഷനിലേക്ക് എത്തിക്കോളാം എന്ന് തീര്‍ത്തു പറഞ്ഞു. ലൊക്കേഷനെ കുറിച്ച് അപ്പോഴും ഇയാള്‍ ഒന്നും പറഞ്ഞില്ല.

എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്  ജ്വല്ലറിയില്‍ നേരിട്ട് വിളിച്ച് ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തന്നെ സമീപിച്ചവര്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിന്റെ കാര്യം  ജ്വല്ലറിക്കാര്‍ അറിഞ്ഞിട്ടില്ലെന്നും അറിയുന്നതെന്നും മറീന പറയുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞത് കള്ളമാണെന്നും ഇതൊരു കെണിയായിരുന്നെന്നും ബോധ്യമായത്.

സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശ്യമെന്ന് മറീന പറയുന്നു. ഇനി മറ്റൊരു നടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ ഇത് തുറന്നു പറയുന്നതെന്നും മറീന പറഞ്ഞു.

Advertisement