എഡിറ്റര്‍
എഡിറ്റര്‍
ഇല്യാന തെലുങ്കിനെ മറന്നോ?
എഡിറ്റര്‍
Thursday 13th September 2012 2:05pm

മിക്ക തെന്നിന്ത്യന്‍ താരങ്ങളുടെയും സ്വപ്‌നമാണ് ബോളിവുഡ്. എന്നുവെച്ച് ബോളിവുഡിലെത്തിയാല്‍ പഴയ തട്ടകം ആരും മറക്കാറില്ല. പക്ഷെ നടി ഇല്യാനയുടെ കാര്യം നേരെ തിരിച്ചാണെന്നാണ് തെലുങ്ക് സിനിമയിലെ ചില സംവിധായകരും നിര്‍മാതാക്കളും പറയുന്നത്.

ഹിന്ദിയില്‍ ഒരവസരം കിട്ടിയതോടെ തെന്നിന്ത്യന്‍ സിനിമകളോട് താരത്തിന് അവഗണനയാണെന്നാണ് ഇവര്‍ പറയുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ബര്‍ഫി എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇല്യാനയിപ്പോള്‍. ബോളിവുഡില്‍ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നും നടിയെന്ന നിലയില്‍ എല്ലാ കഴിവും പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും ഇല്യാന പറയുന്നു. തന്റെ കഥാപാത്രത്തിന് ഏറെ പ്രധാന്യമുണ്ടെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്.

മനുഷ്യവികാരങ്ങളുടെ കോക്‌ടെയില്‍ എന്നാണ് ഇല്യാന ബര്‍ഫിയെ വിശേഷിപ്പിക്കുന്നത്. ഈ സിനിമയുമായി താന്‍ പ്രണയത്തിലാണെന്നും ഇല്യാന പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് മുമ്പ് തെലുങ്കില്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ പ്രമോഷന്‍ പരിപാടികള്‍ക്ക് നടിയെത്താത്തതാണ് നിര്‍മാതാക്കളെയും സംവിധായകരെയും ചൊടിപ്പിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനായ ജൂലായ്, രവിതേജ മുഖ്യവേഷത്തിലെത്തുന്ന ദേവുഡു ചേസിന മനുഷ്യലു എന്നീ ചിത്രങ്ങളുടെ അണിയറക്കാരാണ് ഇല്യാനയെക്കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചത്.

എന്നാല്‍ ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കുന്നുണ്ടെങ്കിലും തെന്നിന്ത്യന്‍ സിനിമകളെ കൈവിടില്ലെന്നാണ് ഇല്യാന പറയുന്നത്. തെന്നിന്ത്യയുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നുവന്ന തന്നെ എല്ലാ വിധത്തിലും തുണയ്ക്കുകയും വലിയ നായികയാക്കുകയും ചെയ്ത തെലുങ്ക് സിനിമയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണെന്നും അവര്‍ പറയുന്നു. തന്റെ ചലച്ചിത്രാഭിനയ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം തെലുങ്കാണെന്നും ഇല്യാന വ്യക്തമാക്കുന്നു.

Advertisement