എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച കേസിലെ പ്രതികളെ നടി തിരിച്ചറിഞ്ഞു
എഡിറ്റര്‍
Saturday 25th February 2017 6:43pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാല് പ്രതികളെ നടി തിരിച്ചറിഞ്ഞു. ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് നടി പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളായ മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ്, സലീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ജയിലിനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലായിരുന്നു പരേഡ് നടന്നത്. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ വച്ച് നടി പ്രതികളെ തിരിച്ചറിഞ്ഞു എന്നത് നിര്‍ണ്ണായകമാണ്.

മറ്റുപ്രതികള്‍ക്കൊപ്പം പ്രതികളെ ഇടകലര്‍ത്തിയായിരുന്നു പരേഡ് നടത്തിയത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ സുനിയേയും വിജീഷിനേയും തിരിച്ചറിയല്‍ പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മാധ്യമങ്ങളിലൂടെ ഇരുവരുടേയും ദൃശ്യങ്ങള്‍ പരസ്യമായതിനാലായിരുന്നു ഇവരെ മാറ്റി നിര്‍ത്തിയത്.

അതിനിടെ ആലുവ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുഖ്യപ്രതി പള്‍സര്‍ സുനി, കൂട്ടാളി വിജീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് അഞ്ച് വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.

കാക്കനാട് ജില്ലാ ജയിലില്‍ നിന്നാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി ബിഎ ആളൂര്‍ ഹാജരാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു

Advertisement