കോട്ടയം: പ്രശസ്ത നാടക,സിനിമാ നടിയും നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ മാതൃസഹോദരിയുടെ മകളുമായ ജി.ഓമന (80) അന്തരിച്ചു. ഒളശയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.

കഴിഞ്ഞ മൂന്നരപതിറ്റാണ്ട് കാലം നാടകരംഗത്ത് സജീവമായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.

Ads By Google

അരങ്ങിലും ജീവിതത്തിലും എന്‍.എന്‍.പിള്ളയുടെ നിഴലായിരുന്നു ഓമന. അസ്സലാമു അലൈക്കും എന്ന നാടകത്തില്‍ ഒരു നടി എത്താതിരുന്നപ്പോള്‍ പകരക്കാരിയായിട്ടായിരുന്നു ഓമനയുടെ അരങ്ങേറ്റം. 1954ലായിരുന്നു അത്. പിന്നീട് 1989 വരെ അഭിനയരംഗത്ത് തുടര്‍ന്നു. 32 ലേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1989ല്‍ നാടകാഭിനയത്തില്‍ നിന്നു വിരമിച്ചു. എന്‍.എന്‍.പിള്ളയുടെ മരണ ശേഷം രണ്ടുവര്‍ഷം നാടകസംവിധാന രംഗത്തും പ്രവര്‍ത്തിച്ചു. കാപാലിക എന്ന നാടകം 1974ല്‍ സിനിമയാക്കിയപ്പോള്‍ നാടകത്തില്‍ ചെയ്തിരുന്ന വേഷം  സിനിമയില്‍ ഓമന തന്നെയാണ് അവതരിപ്പിച്ചത്.

പിന്നീട് 2008ല്‍ ജയരാജ് സംവിധാനം ചെയ്ത ആനന്ദഭൈരവിയിലും അഭിനയിച്ചു. 1977ല്‍ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡും 2002ല്‍ സമഗ്രസംഭാവനയ്ക്കുള്ള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചു.

പതിനാറാമത്തെ വയസിലായിരുന്നു വിവാഹം. രണ്ടുമാസത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. വൈക്കം അയ്യരുകുളങ്ങര തെത്തത്തില്‍ റിട്ട.ഹെഡ്മാസ്റ്റര്‍ വേലായുധന്‍പിള്ളയുടെയും ഗൗരിയുടെയും ഏകമകളായിരുന്നു. 1932 മേയ് 18നാണ് ജനനം.