എഡിറ്റര്‍
എഡിറ്റര്‍
‘ഉയരംകൂടുന്തോറും വീഴ്ചയുടെ ശക്തികൂടുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്’ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജിന് നടിയുടെ സഹോദരന്റെ തുറന്ന കത്ത്
എഡിറ്റര്‍
Wednesday 16th August 2017 7:37am

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയുടെ സഹോദരന്‍. എം.എല്‍.എയുടെ പേരെടുത്തു പറയാതെ ‘ബഹുമാനപ്പെട്ട ജനപ്രതിനിധി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സഹോദരന്‍ പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

‘ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യ മനസ്സിന് താളം തെറ്റാം , അബോധത്തില്‍ പലതും വിളിച്ചു പറഞ്ഞെന്നുമിരിക്കാം. പക്ഷെ അത് ഒരു ശീലവും ക്രമേണ സ്വഭാവവുമായി മാറിയാല്‍ അതിനെ ജനങ്ങള്‍ വിളിക്കുന്നത് മറ്റു പലപേരുകളിലുമാണ്. അത്തരമൊരവസ്ഥ സ്വയം തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവരെങ്കിലും അത് തിരുത്തണം’ എന്നാണ് നടിയുടെ സഹോദരന്‍ കത്തിന്റെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെടുന്നത്.

വനിതാ സംഘടനകള്‍ക്കും നടിയ്ക്കുമെതിരെ ധീരമെന്നവകാശപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ സ്വയം ഒരവലോകനം നടത്തുന്നത് നന്നായിരിക്കും. തങ്ങള്‍ എന്തൊക്കെയാണ് പുലമ്പുന്നത്, ആര്‍ക്കു വേണ്ടിയാണിതെല്ലാം ചെയ്യുന്നത്, തങ്ങളുടെ തന്നെ ഉള്‍ഭയമാണോ അറിയാതെ ഇത്തരം പ്രകടനങ്ങളിലൂടെ അനാവരണമാകുന്നത് എന്നെല്ലാം ഒരു നിമിഷമെങ്കിലും ഒന്ന് ആത്മപരിശോധന നടത്തിയാല്‍ സ്വയം മെനഞ്ഞെടുക്കുന്ന പല കഥകളും സ്വന്തം ഉള്ളില്‍ തന്നെ എരിഞ്ഞടങ്ങുമെന്നും അദ്ദേഹം പറയുന്നു.


Also Read: ചത്ത പശുവിന്റെ തോലുരിച്ചതിന് ഗുജറാത്തില്‍ ദളിതുകള്‍ക്ക് നേരെ വീണ്ടും ആക്രമണം


ഒരു ജനപ്രതിനിധി എങ്ങനെ ആകാതിരിക്കണം എന്നതിനുള്ള ഉത്തമോദാഹരണമായാണ് ഇത്തരം ജനപ്രതിനിധികളെ ജനങ്ങള്‍ നോക്കി കാണുന്നത്. അത് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് ജനപ്രതിനിധികളെങ്കിലും തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

‘ജനങ്ങളെ സേവിക്കേണ്ട ജനപ്രതിനിധി തന്നെ ജനങ്ങള്‍ക്ക് നേരെ തോക്കെടുത്തതും, ചാരക്കേസില്‍ സഹായിക്കാന്‍ ജനപ്രതിനിധി കാണിച്ച കര്‍ത്തവ്യ ബോധവും അതിന്റെ നിജസ്ഥിതി വ്യക്തമാക്കിത്തന്ന ചാനല്‍ വിവരണവും ജനങ്ങള്‍ മറന്നിട്ടില്ല. ഇതിനു മുന്‍പും ജനപ്രതിനിധി നടത്തിയ പല ധീരമായ വാഗ്പ്രയോഗങ്ങളും കേരള ജനത , ചലച്ചിത്രത്തിലെ കോമഡി രംഗങ്ങള്‍ കണക്കെ മനസ്സിലേറ്റുന്നുണ്ട് എന്നും മറക്കരുത്. ‘ അദ്ദേഹം പറയുന്നു.

ഇത്തരം അഭിപ്രായങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ ഒരിക്കയ്ക്കലും സ്‌നേഹം കൊണ്ടല്ലെന്നും മനോവിഭ്രാന്തിയിലുള്ള ചില വ്യക്തികളോടു തോന്നുന്ന സഹാനുഭൂമി മാത്രമാണിതെന്നും അദ്ദേഹം വിശദീകരിക്കുന്നു.


Don’t Miss: ‘പ്രസിഡന്റിനേക്കാള്‍ ആറിരട്ടി ചെലവ്, പ്രധാനമന്ത്രിയേയും പിന്നിലാക്കുന്ന വിദേശയാത്രകള്‍’; മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ബജറ്റിന് പിന്നിലെ സംഘപരിവാര്‍ പ്രചരണത്തിലെ സത്യം ഇതാണ്


‘ജനപ്രതിനിധിയുടെ വാഗ്ചാതുരിയെ പ്രശംസിക്കുകയും അതിനെല്ലാവിധ പിന്തുണയും നല്‍കുന്ന സ്‌നേഹസമ്പന്നരായ അനുചരവൃന്ദങ്ങളേയും ഇത്തരം ജനപ്രതിനിധികള്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. കാരണം ജനപ്രതിനിധികളോട് എതിരഭിപ്രായമുള്ളവര്‍ അത് ജനപ്രതിനിധികളോട് തന്നെ പ്രകടിപ്പിക്കുന്നതിന് കാരണം ഇവര്‍ കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നത് കൊണ്ടാണ്. അതൊരിക്കലും സ്‌നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. മനോവിഭ്രാന്തിയുള്ള ചില വ്യക്തികളോടുള്ള സഹാനുഭൂതി മാത്രമാണിത്.’

‘ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടുമെന്ന വരികള്‍ ഇത്തരം ജനപ്രതിനിധികള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കുന്നത് നല്ലതായിരിക്കും .’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.

നടിയെ അധിക്ഷേപിച്ചു സംസാരിച്ച പി.സി ജോര്‍ജിനെതിരെ ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടി ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് അറിയില്ലെന്നും അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണെന്നും പി.സി ജോര്‍ജ് അവകാശപ്പെട്ടിരുന്നു. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമായാണ് നടിയുടെ സഹോദരന്റെ കത്ത്.

കത്തിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട ജനപ്രതിനിധി അറിയുന്നതിന് …

ഇരയും നടിയും രണ്ടാണെന്ന തിരിച്ചറിവുള്ള ഒരു ജനപ്രതിനിധിയോട് ഈ ഒരു രീതിയിലാണ് പ്രതികരിക്കേണ്ടത് എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിലൊരു കുറിപ്പെഴുതുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യ മനസ്സിന് താളം തെറ്റാം , അബോധത്തില്‍ പലതും വിളിച്ചു പറഞ്ഞെന്നുമിരിക്കാം. പക്ഷെ അത് ഒരു ശീലവും ക്രമേണ സ്വഭാവവുമായി മാറിയാല്‍ അതിനെ ജനങ്ങള്‍ വിളിക്കുന്നത് മറ്റു പലപേരുകളിലുമാണ്. അത്തരമൊരവസ്ഥ സ്വയം തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവരെങ്കിലും അത് തിരുത്തണം. അത് നടക്കുന്നില്ല എന്ന് വേണം ജനപ്രതിനിധിയുടെ തുടര്‍ച്ചയായ വാഗ്ചാതുരിയിലൂടെ ജനങ്ങള്‍ അനുമാനിക്കേണ്ടത്. അതോ പറഞ്ഞാലും ജനപ്രതിനിധിയ്ക്ക് മനസ്സിലാകില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ട് പറയാതിരിക്കുന്നതാണോ എന്നും അറിയില്ല.

ഒരു ജനപ്രതിനിധി എങ്ങിനെ ആകാതിരിക്കണം എന്നതിനുള്ള ഉത്തമോദാഹരണമായാണ് ജനങ്ങള്‍ ഇപ്പോള്‍ ഇത്തരം ജനപ്രതിനിധികളെ നോക്കി കാണുന്നത്. അത് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് ആ ജനപ്രതിനിധികളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളെ സേവിക്കേണ്ട ജനപ്രതിനിധി തന്നെ ജനങ്ങള്‍ക്ക് നേരെ തോക്കെടുത്തതും, ചാരക്കേസില്‍ സഹായിക്കാന്‍ ജനപ്രതിനിധി കാണിച്ച കര്‍ത്തവ്യ ബോധവും അതിന്റെ നിജസ്ഥിതി വ്യക്തമാക്കിത്തന്ന ചാനല്‍ വിവരണവും ജനങ്ങള്‍ മറന്നിട്ടില്ല. ഇതിനു മുന്‍പും ജനപ്രതിനിധി നടത്തിയ പല ധീരമായ വാഗ്പ്രയോഗങ്ങളും കേരള ജനത , ചലച്ചിത്രത്തിലെ കോമഡി രംഗങ്ങള്‍ കണക്കെ മനസ്സിലേറ്റുന്നുണ്ട് എന്നും മറക്കരുത്.

വനിതാ സംഘടനകള്‍ക്കെതിരേയും നടിയ്ക്കെതിരേയും ധീരമെന്നവകാശപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുമ്പോപോഴും ഇത്തരം ജനപ്രതിനിധികള്‍ സ്വയം ഒരവലോകനം നടത്തുന്നത് നന്നായിരിക്കും. തങ്ങള്‍ എന്തൊക്കെയാണ് പുലമ്പുന്നത്, ആര്‍ക്കു വേണ്ടിയാണിതെല്ലാം ചെയ്യുന്നത്, തങ്ങളുടെ തന്നെ ഉള്‍ഭയമാണോ അറിയാതെ ഇത്തരം പ്രകടനങ്ങളിലൂടെ അനാവരണമാകുന്നത് എന്നെല്ലാം ഒരു നിമിഷമെങ്കിലും ഒന്ന് ആത്മപരിശോധന നടത്തിയാല്‍ സ്വയം മെനഞ്ഞെടുക്കുന്ന പല കഥകളും ഇത്തരം ജനപ്രതിനിധികളുടെ ഉള്ളില്‍ തന്നെ എരിഞ്ഞടങ്ങും.

ജനപ്രതിനിധിയുടെ വാഗ്ചാതുരിയെ പ്രശംസിക്കുകയും അതിനെല്ലാവിധ പിന്തുണയും നല്‍കുന്ന സ്‌നേഹസമ്പന്നരായ അനുചരവൃന്ദങ്ങളേയും ഇത്തരം ജനപ്രതിനിധികള്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. കാരണം ജനപ്രതിനിധികളോട് എതിരഭിപ്രായമുള്ളവര്‍ അത് ജനപ്രതിനിധികളോട് തന്നെ പ്രകടിപ്പിക്കുന്നതിന് കാരണം ഇവര്‍ കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നത് കൊണ്ടാണ്. അതൊരിക്കലും സ്‌നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. മനോവിഭ്രാന്തിയുള്ള ചില വ്യക്തികളോടുള്ള സഹാനുഭൂതി മാത്രമാണിത്. ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടുമെന്ന വരികള്‍ ഇത്തരം ജനപ്രതിനിധികള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കുന്നത് നല്ലതായിരിക്കും .

Advertisement