എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വിഷ്ണു; പിന്നില്‍ ദിലീപ് ആണോയെന്ന ചോദ്യത്തിന് ആയിരിക്കാമെന്ന് മറുപടി
എഡിറ്റര്‍
Friday 7th July 2017 2:46pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്പര വിരുദ്ധമായ പ്രതികരണങ്ങള്‍ നടത്തി പള്‍സര്‍ സുനിയുടെ കൂട്ടുപ്രതികള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്നാണ് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നില്‍ നടന്‍ ദിലീപാണോയെന്ന ചോദ്യത്തിന് ആയിരിക്കാമെന്നും തനിക്ക് അത് അറിയില്ലെന്നും വിഷ്ണു മൊഴി നല്‍കി.

അതേസമയം തന്നെ ഭീഷണിപ്പെടുത്തിയാണു ദിലീപിനുള്ള കത്തെഴുതിപ്പിച്ചെന്നാണ് വിപിന്‍ലാല്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോടായിരുന്നു ഇവരുടെ പ്രതികരണങ്ങള്‍.


Dont Miss അമ്മ നന്നായെങ്കിലേ മക്കള്‍ നന്നാവൂ; ഇന്നസെന്റിന്റെ പരാമര്‍ശം ശരിയായില്ലെന്നും ശ്രീനിവാസന്‍


അതേസമയം, കേസിലെ പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം കോടതി തള്ളി. കസ്റ്റഡിയില്‍ പൊലീസിന്റെ ര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.

എന്നാല്‍ സുനിക്ക് ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണു, ജയിലില്‍ ഫോണ്‍ ഉപയോഗിച്ച വിപിന്‍ലാല്‍ എന്നിവരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു.

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി ഇമ്രാനാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണുവിന് ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്തത് ഇയാളായിരുന്നു. വിഷ്ണുവാണ് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത്. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു. ഈ സമയത്തായിരുന്നു വിഷ്ണുവിന് ഫോണ്‍ നല്‍കിയത്.

ജയിലിലേക്കു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തിയ കേസിലാണു സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അഞ്ചു ദിവസത്തേക്കു ലഭിച്ച കസ്റ്റഡിയുടെ ആദ്യ ദിവസം ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണു സുനില്‍ നല്‍കിയത്.

നടിയെ ഉപദ്രവിച്ചതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച ശക്തമായ തെളിവുകളുടെ അഭാവത്തിലാണു പൊലീസിന്റെ അവസാന വട്ട ശ്രമം നടക്കുന്നത്. ഇതിനിടെ നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയിരുന്ന അപേക്ഷ അങ്കമാലി കോടതി തള്ളി. വിഡിയോ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നു കോടതി അറിയിച്ചു.

Advertisement