കൊച്ചി: ഓടുന്ന വാഹനത്തില്‍ നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി ഉത്തരവിട്ടു. നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറാമെന്നും ദൃശ്യങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനിക്കുമെന്നുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറഞ്ഞത്.

നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് കഴിഞ്ഞ മാസം കോടതിയെ സമീപിച്ചിരുന്നു. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് തന്നിട്ടില്ലെന്നും പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.

അതേസമയം, കേസിന്റെ വിശദമായ വാദം കേള്‍ക്കുന്നതിനായി 28 ലേക്ക് മാറ്റി. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് അക്രമിക്കപ്പെട്ട നടി അപേക്ഷിച്ചു. വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും രഹസ്യ വിചാരണയായിരിക്കണമെന്നും നടിയുടെ അപേക്ഷയിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന വിവരങ്ങള്‍ പുറത്ത് വന്നതോടെ നവംബര്‍ 22ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയും ദിലീപിനെ എട്ടാം പ്രതിയുമാക്കി അങ്കമാലി കോടതിയില്‍ 650 പേജുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. 355 ഓളം സാക്ഷി മൊഴികളും 15 ഓളം രഹസ്യമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 450 ഓളം രേഖകളും മറ്റ് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഒന്നാം പ്രതി കൊടി സുനി ഉള്‍പ്പടെ ആറുപേര്‍ റിമാന്‍ഡിലാണ്. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിനെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.