എഡിറ്റര്‍
എഡിറ്റര്‍
പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് പണത്തിനു വേണ്ടിയെന്ന് സഹതടവുകാരന്റെ മൊഴി
എഡിറ്റര്‍
Saturday 24th June 2017 9:31am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കാക്കനാട് ജയിലിലെ പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ ജിംസന്റെ മൊഴി. പെരുമ്പാവൂര്‍ പൊലീസിനാണ് മൊഴി നല്‍കിയത്.

സുനി നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ ആണെന്നാണ് ജിംസണ്‍ പൊലീസിനെ അറിയിച്ചത്. പണത്തിനുവേണ്ടിയാണ് സുനി ഇങ്ങനെ ചെയ്തതെന്നും ജിംസണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ജിംസന്റെ മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ല. ജിംസന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഏറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കുകയും കോടതി അനുവദിക്കുകയും ചെയ്തു.


Also Read: ‘ആരു പറഞ്ഞു ഞാന്‍ തിരിച്ചു വരില്ലെന്ന്?’; താന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇനി ഉണ്ടാകില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലയാളികളുടെ സ്വന്തം ഹോസൂട്ടന്‍


അതിനിടെ ജയിലില്‍ പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈലില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സുനി ജയിലിലെത്തി ദിവസങ്ങള്‍ക്കകം മൊബൈല്‍ ലഭിച്ചിരുന്നു.

ജയിലില്‍ നിന്നും നിരവധി പേരെയാണ് സുനി ഫോണില്‍ ബന്ധപ്പെട്ടത്. സുനിയെ കുടുക്കാന്‍ പൊലീസ് തന്നെ നല്‍കിയതാണോ മൊബൈല്‍ എന്നും സംശയമുയരുന്നുണ്ട്.

നടിയ്‌ക്കെതിരായ ആക്രമണം ക്വട്ടേഷനാണെന്നും അതിനോടു സഹകരിക്കണമെന്നും ആക്രമിക്കുന്നതിനു മുമ്പ് സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് സുനി നിഷേധിച്ചു. തുടര്‍ന്നാണു പിടിയിലായ ഏഴുപേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ജിംസന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയശേഷം തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വാങ്ങാനാണ് പൊലീസിന്റെ നീക്കം.

ഫെബ്രുവരി 17ന് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സുനിക്കു പുറമേ ഡ്രൈവര്‍ മാര്‍ട്ടിന്‍, ആലപ്പുഴ സ്വദേശി സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരും കേസില്‍ പിടിയിലായിരുന്നു.

Advertisement