ആലുവ: കൊച്ചിയില്‍ നടിയെ അക്രമിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. നടന്‍ സിദ്ദിഖ് നടിയെ താക്കീത് ചെയ്തതായും കുറ്റപത്രത്തിലുണ്ടെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോര്‍ട്ട ചെയ്തത്.
‘അമ്മ’യുടെ നേതൃത്വത്തില്‍ താരനിശയ്ക്കായി പരിശീലനം നടക്കുമ്പോഴായിരുന്നു ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നത്. നടന്‍ സിദ്ദിഖ് ഇതിന് സാക്ഷിയാണെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. സിദ്ദിഖും നടിയെ വിളിച്ച താക്കീത് ചെയ്തിരുന്നു.


Also Read: ‘സബ്കാ സാഥ് സബ്കാ വികാസ്’; ട്രോളെന്നാ എജ്ജാതി ട്രോള്‍; മോദിയെ അനുകരിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറല്‍


ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മറ്റ് താരങ്ങളോട് ചോദിച്ചതാണ് ദിലീപിനെ ചൊടിപ്പിച്ചത്. ഇതേക്കുറിച്ച് ഇനി ആരോടെങ്കിലും സംസാരിച്ചാല്‍ അനുഭവിക്കുമെന്നായിരുന്നു ദിലീപിന്റെ ഭീഷണി.

കേസില്‍ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത് നടിയുടെ സഹോദരനാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് പുറത്ത് വന്നതോടെ ദിലീപിന്റെ പങ്കിനെ കുറിച്ച് വ്യക്തമായതായും നടിയുടെ സഹോദരന്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.

നേരത്തെ സംഭവത്തിനു ശേഷവും നടിയെ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമിച്ചതായി കുറ്റപത്രത്തിലുണ്ടെന്ന് റിപ്പോട്ടുകളുണ്ടായിരുന്നു. നടിയെ മോശക്കാരിയാക്കാന്‍ പലതരത്തിലും ദിലീപ് ശ്രമിച്ചെന്നും ഇതിനായി സമൂഹമാധ്യമങ്ങളെ വരെ ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു കുറ്റപത്രം.


Dont Miss: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തികസംവരണം നടക്കില്ലെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്ത്


സിനിമാമേഖലയിലെ ചിലരെ തന്റെ സ്വാധീനമുപയോഗിച്ച് പ്രചരണങ്ങള്‍ക്കായി നിയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. അതേസമയം താന്‍ നിരപരാധിയാണെന്ന് പല പ്രമുഖരെക്കൊണ്ടും നടിയോട് പറയിച്ചെന്നും കുറ്റപത്രത്തിലുണ്ട്. ഇതിനു പുറമേ സിനിമാ മേഖലയിലെ തന്നെ ചിലര്‍ വഴി നടിയോട് ജാഗ്രതയോടെയിരിക്കാനുള്ള നിര്‍ദേശവും നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.