എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച കേസ്; പൊലീസിന്റെ അന്വേഷണം നീളുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Wednesday 13th September 2017 3:27pm

 


എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ അന്വേഷണം നീളുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

കേസില്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ആരാഞ്ഞ കോടതി നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെയെന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും ചോദിച്ചു.

അതേസമയം നാദിര്‍ഷ വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റിയതിനാല്‍ പൊലീസിന് നാദിര്‍ഷായെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല.


Also Read കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും; പുറത്ത് വന്നത് സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പെന്ന് ബി.ജെ.പി


മുമ്പ്  പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെ നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നാദിര്‍ഷയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

അതേസമയം രണ്ടുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നാളെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപിന്റെ ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

എന്നാല്‍ ദിലീപ് ജയിലില്‍ അടക്കപ്പെട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനുളള നീക്കത്തിലാണ് പൊലീസ്. നേരത്തെ രണ്ടുതവണ ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Advertisement