കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടി അനന്യയ്ക്ക് കൈമുട്ടിന് പരുക്കേറ്റു. വില്ലനുമൊത്തുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അനന്യയ്ക്ക് പരുക്കേറ്റത്. വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. അനന്യക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു.

ചിത്രത്തില്‍ മീര എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ് അനന്യയ്ക്ക്. മീരയുടെ വീട് ഒഴിപ്പിക്കാന്‍ ഒരു സംഘം എത്തുന്നതും അവരെ മീര എതിര്‍ക്കുന്നതുമായ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നായകന്‍ ദിലീപും ഈ സീനില്‍ അഭിനയിച്ചിരുന്നു. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ.

ഒഴിപ്പിക്കാനെത്തിയവരെ നടി അനന്യ നേരിട്ടു. ഗുണ്ടകള്‍ അനന്യയെ എടുത്ത് പുറത്തേക്കെറിഞ്ഞു. കൈ കുത്തി നിലത്തു വീണ അനന്യയുടെ കൈക്കുഴയ്ക്ക് സാരമായ പരിക്ക്. വേദന സഹിക്കാന്‍ കഴിയാതെ അനന്യ പൊട്ടിക്കരഞ്ഞു. ഉടനേ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൈ ബാന്റേജിനുള്ളിലാക്കി. ലിഗമെന്റ് ഫ്രാക്ചര്‍ പറ്റിയ അനന്യയ്ക്കു കുറച്ചു നാളത്തേക്ക് അഭിനയിക്കാന്‍ കഴിയില്ല.

ഏറണാകുളം കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു സംഭവം.