എഡിറ്റര്‍
എഡിറ്റര്‍
അഭിനയിക്കുന്നത് വലിയ താരങ്ങള്‍ക്കൊപ്പം; പ്രതിഫലം തുച്ഛം; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ്
എഡിറ്റര്‍
Tuesday 2nd May 2017 1:12pm

ചെന്നൈ: സഖാവ്, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടി ഐശ്വര്യ രാജേഷ്. ദേശീയ അവാര്‍ഡ് നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്.

എന്നാല്‍ അവസരം കിട്ടാനായി ഒരു സംവിധായകന് മുന്നില്‍ പോയിരുന്ന് യാചിച്ചിട്ടില്ലെന്ന് ഐശ്വര്യ രാജേഷ് പറയുന്നു. ആദ്യചിത്രം ഒരു ബ്ലോക്ബസ്റ്റര്‍ ആയിട്ടും പിന്നീട് വലിയ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടും തന്റെ പ്രതിഫല തുകയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ആദ്യമായി എനിക്ക് ലഭിച്ച പ്രതിഫലം 225 രൂപയാണ്. പാര്‍ട് ടൈം ജീവനക്കാരിയായി ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തപ്പോഴായിരുന്നു അത്. പിന്നീട് 400 രൂപ വരെ കിട്ടി. പിന്നീട് ചില പരിപാടികളില്‍ അവതാരികയായി എത്തി. ചില കോര്‍പ്പറേറ്റ് കമ്പനികളുടെ പരിപാടി ഹോസ്റ്റ് ചെയ്തു. അങ്ങനെ 4000 രൂപ വരെ മാസത്തില്‍ പ്രതിഫലം ലഭിച്ചുതുടങ്ങി.

അഭിനയത്തോടുള്ള താത്പര്യവും കുറച്ചുകൂടി മെച്ചപ്പെട്ട പ്രതിഫലവും താന്‍ പ്രതീക്ഷിച്ചിരുന്നു. സീരിയലില്‍ അഭിനയിച്ചാല്‍ നല്ല പ്രതിഫലം ലഭിക്കുമെന്ന് ചിലര്‍ പറഞ്ഞു. പക്ഷേ ഞാന്‍ സീരിയലിലും അഭിനയിച്ചു. എനിക്ക് ലഭിച്ചത് 1000 മുതല്‍ 2000 രൂപ വരെയായിരുന്നു. അന്ന് 20000 രൂപ വരെ സീരിയല്‍ നടിമാര്‍ക്ക് കിട്ടുമ്പോഴാണ് ഇത് എന്നോര്‍ക്കണം. സിനിമയില്‍ നിന്നും സീരിയലില്‍ എത്തുന്നവര്‍ക്കാണ് അത്രയും വലിയ തുക കിട്ടുക എന്ന് അന്ന് എനിക്ക് മനസിലായി.


Dont Miss ഒടുവില്‍ പ്രണയസാഫല്യം; ശബരിനാഥ് എം.എല്‍.എയും സബ് കളക്ടറും ദിവ്യ അയ്യരും വിവാഹിതരാകുന്നു 


അങ്ങനെയാണ് സിനിമയില്‍ എങ്ങനെയെങ്കിലും എത്തണമെന്ന ആഗ്രഹം തുടങ്ങിയത്. നിരവധി ഓഡീഷനുകളില്‍ പങ്കെടുത്തെങ്കിലും ഒടുവില്‍ അവര്‍ഗളും ഇവര്‍ഗലും എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചു. പിന്നീട് കാക്ക മുട്ടൈ പോലുള്ള വലിയ സിനിമയില്‍ അഭിനയിച്ചെങ്കിലും അതിന് ശേഷം അവസരങ്ങളൊന്നും തേടിയെത്തിയില്ലെന്നും താരം പറയുന്നു.

അതിന് ശേഷമാണ് വട ചെന്നൈ ലഭിക്കുന്നത്. വലിയ താരങ്ങളായിരുന്നു എല്ലാം. അതുകൊണ്ട് തന്നെ അത്യാവശ്യം പ്രതിഫലമൊക്കെ പ്രതീക്ഷിച്ചു. പക്ഷേ ലഭിച്ചില്ല. ഞാനിപ്പോഴും ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. നല്ല വേഷങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവര്‍ നല്ല പ്രതിഫലം നല്‍കാന്‍ തയ്യാറല്ല. എങ്കിലും നല്ല വേഷങ്ങള്‍ ലഭിക്കുമല്ലോ എന്ന് കരുതി താന്‍ അവസരങ്ങള്‍ സ്വീകരിക്കുകയാണെന്നും താരം പറയുന്നു.

Advertisement