എഡിറ്റര്‍
എഡിറ്റര്‍
താരങ്ങള്‍ പുതിയ ടി.വി ഷോകള്‍ ഏറ്റെടുക്കില്ലെന്ന് അമ്മ
എഡിറ്റര്‍
Monday 13th August 2012 12:24am

കൊച്ചി: താരങ്ങള്‍ പുതിയ ടി.വി പരിപാടികള്‍ ഏറ്റെടുക്കില്ലെന്ന് അമ്മ- ഫിലിം ചേമ്പര്‍ ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍ നിലവിലെ ടി.വി ഷോകള്‍ താരങ്ങള്‍ക്ക് തുടരാം.

Ads By Google

മോഹന്‍ലാല്‍ ഒഴികെയുള്ള അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്ണൂരില്‍ സൈനിക പരിശീലനത്തിലായതിനാലാണ് മോഹന്‍ലാല്‍ പങ്കെടുക്കാതിരുന്നത്.

താരങ്ങളുടെ ഷോയെ സംബന്ധിച്ച് യോഗത്തില്‍ വാഗ്വാദമുണ്ടായി. അമ്മയും ഫിലിം ചേമ്പറും തമ്മില്‍ 10 വര്‍ഷമായി നിലനില്‍ക്കുന്ന കരാറില്‍ കാലോചിതമായി മാറ്റം വരുത്താനും തീരുമാനമായി.

2002 മുതല്‍ നിലനില്‍ക്കുന്ന അമ്മ-ചേമ്പര്‍ കരാര്‍ പരിഷ്‌കരിക്കും. മുന്‍നിര താരങ്ങള്‍ സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. കരാര്‍ പരിഷ്‌കരിക്കുന്നതിനായി സംയുക്ത കമ്മിറ്റി രൂപീകരിക്കാനും ധാരണയായി.

താരങ്ങള്‍ സ്‌റ്റേജ് ഷോകളിലും ടി.വി പരിപാടികളിലും പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള കരാര്‍ ആഗസ്റ്റ് ഒന്നുമുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ കേരള ഫിലിം ചേമ്പര്‍ തീരുമാനിച്ചിരുന്നു. ഇതുകാട്ടി അമ്മ അടക്കമുള്ള സംഘടനകള്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ അമ്മ ഭാരവാഹികള്‍ രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് ചേമ്പര്‍ മുന്‍കൈയെടുത്ത് ശനിയാഴ്ച ചര്‍ച്ച നടത്തിയത്.

എറണാകുളം ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ ചേമ്പര്‍ സെക്രട്ടറി അനില്‍ തോമസ്, പ്രസിഡന്റ് ബി.ശശികുമാര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മിലന്‍ ജലീല്‍, അമ്മ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു, വിതരണക്കാരുടെ സംഘടനാ നേതാവ് ജോസ് സി. മുണ്ടാടന്‍, അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അമ്മ നടത്തുമെന്ന് പ്രഖ്യാപിച്ച സ്‌റ്റേജ് ഷോയുടെ കാര്യത്തില്‍ പിന്നീട് മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് ചേമ്പര്‍ ഭാരവാഹികള്‍ പറഞ്ഞു. അമ്മ സ്‌റ്റേജ് ഷോ സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചതിന് ശേഷമേ ഇക്കാര്യത്തിലുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കി. മലയാള സിനിമ മികച്ച രീതിയില്‍ മുന്നോട്ടുനീങ്ങുന്ന സാഹചര്യത്തില്‍ അനാവശ്യ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനാണ് ചര്‍ച്ചയില്‍ ചേമ്പര്‍ മുന്‍തൂക്കം നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി.

Advertisement