തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ തലച്ചോറിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തിലകന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

Ads By Google

അതേസമയം വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. മാത്യു അലക്‌സാണ്ടര്‍ തിലകന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. നിലവിലെ ചികിത്സാരീതി തുടരാനാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.

ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനിടെ അസുഖമുണ്ടായതിനെ തുടര്‍ന്നാണ് തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം അടുത്തുളള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട തിലകന്‍, മകന്‍ ഷമ്മി തിലകന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കിംസിലേക്ക് മാറ്റുകയായിരുന്നു.