തിരുവനന്തപുരം: നടന്‍ ശ്രീനിവാസന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്. സി.പി.ഐ.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ വിമര്‍ശനമാണ് വ്യാജ അക്കൗണ്ടില്‍ നിന്നും വരുന്നത്.

താന്‍ ഇന്നുവരെ ഒരു നവമാധ്യമസങ്കേതങ്ങളിലും അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നാണ് ഈ സംഭവത്തോട് ശ്രീനിവാസന്‍ പ്രതികരിച്ചത്. ബീഫ് ഫെസ്റ്റിവലും മുഖ്യമന്ത്രിക്കെതിരെയും ട്വീറ്റുകളില്‍ പറയുന്ന ഒരു അഭിപ്രായത്തോടും തനിക്ക് യോജിപ്പില്ല.


Dont Miss ഞാന്‍ മരിച്ചിട്ടില്ല; കള്ളവോട്ടിന് ‘തെളിവായി’ കെ. സുരേന്ദ്രന്‍ പരേതനാക്കിയ അഹമ്മദ് കുഞ്ഞി കോടതി സമന്‍സ് കൈപ്പറ്റി 


ഇത്തരത്തില്‍ ഒരു അക്കൗണ്ടിനെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞാണ് താന്‍ അറിഞ്ഞത്. ഇങ്ങനെ തോന്നിയപോലെ നമ്മുടെ പേരില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ എന്തുചെയ്യുമെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങളുടെ തന്നെ ഉത്തരവാദിത്തമെടുക്കാന്‍ ബുദ്ധിമുട്ടാണ്, അപ്പോളാണ് പറയാത്ത കാര്യവുമായി ചിലര്‍ രംഗത്തെത്തുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മുന്‍പും തന്റെ പേരില്‍ വ്യാജപ്രൊഫൈലുകള്‍ ചിലര്‍ തുടങ്ങിയിരുന്നു. ആ സംഭവത്തില്‍ താന്‍ പരാതിയും നല്‍കിയതാണ്. അന്ന് ഡിജിപി ടിപി സെന്‍കുമാറിനാണ് താന്‍ പരാതി നല്‍കിയത്. ആറ് മാസത്തിന് ശേഷം ഒരു അറിയിപ്പ് തനിക്ക് ലഭിച്ചു. അക്കൗണ്ട് നിര്‍മ്മിച്ചത് അമേരിക്കയിലാണെന്നും, തങ്ങളുടെ പരിധിക്ക് പുറത്താണെന്നും അറിയിച്ചുകൊണ്ടുള്ള കേരളാ പൊലീസിന്റെ കത്തായിരുന്നു അത്.

ഈ വിഷയത്തില്‍ അതിനാല്‍ എന്തുചെയ്യാനാകുമെന്നത് ആലോചിക്കും. എന്തായാലും പൊലീസില്‍ പരാതി നല്‍കുമെന്നും ശ്രീനീവാസന്‍ വ്യക്തമാക്കി.

ജൂണ്‍ 10നാണ് അക്കൗണ്ട് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇരുപതോളം ട്വീറ്റുകളാണ് ഇതുവരെയായും അക്കൗണ്ടില്‍ നിന്ന് പുറത്തുവന്നത്. ഇവയെല്ലാം സി.പി.ഐ.എമ്മിനെ എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു.

‘കിലോക്ക് 300 രൂപ വിലയുളള ബിഫ് പട്ടിണി പാവങ്ങളുടെ ഭക്ഷണമാണെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്’ എന്നതാണ് ആദ്യ ട്വീറ്റ് തന്നെ. ‘അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് മൂലം മരിക്കുമ്പോള്‍ രാഷ്ട്രീയത്തിലെ സരോജ്കുമാരന്മാര്‍ ബിഫ് ഫെസ്റ്റിവല്‍ നടത്തി ഉള്ളവനെ പരിപോഷിക്കുകയാണ്’ എന്ന മറ്റൊരു ട്വീറ്റും വന്നു.

സിനിമയില്‍ മാത്രമല്ല സരോജ്കുമാര്‍മാരുള്ളത് രാഷ്ട്രീയത്തിലും ബിസിനെസ്സിലും കൂലിപണിയിലുമുണ്ടെന്നും ട്വീറ്റുണ്ട്. ‘കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്ന അഭിപ്രായം എനിക്കില്ല, എന്നാല്‍ അതിന്റെ നേതാക്കളുടെ ചെയ്തികള്‍ കാലാഹരണപ്പെട്ടു എന്ന് പറയേണ്ടി വരും’ എന്ന ട്വീറ്റും പിന്നാലെ എത്തി.

‘കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലുടനീളം രാഷ്ട്രീയ അക്രമങ്ങള്‍ തുടരുകയാണ്. ആഭ്യന്തര വകുപ്പ് ഉറങ്ങുകയാണോ ഉറക്കം നടിക്കുകയാണോ?’ എന്ന ചോദ്യവുമുണ്ട് ട്വീറ്റുകളില്‍.

മറ്റൊരു സംഗതിയെന്നത് സംഘപരിവാര്‍ ഗ്രൂപ്പുകളിലാണ് ട്വീറ്റുകള്‍ വ്യാപകമായി പ്രചരിച്ചത് എന്നതാണ്. അതിനാല്‍ തന്നെ ഇതിന് പിന്നില്‍ സംഘപരിവാര്‍ ആണെന്ന ആരോപണം രാഷ്ട്രീയ എതിരാളികള്‍ ഉന്നയിച്ചുകഴിഞ്ഞു.