കൊച്ചി: സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും സ്ത്രീപീഡനത്തെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് എഡിറ്റോറിയലിലൂടെ അവതരിപ്പിച്ച് വിവാദത്തിലായിരിക്കുകയാണ് നടന്‍ സിദ്ദിഖ്.

Ads By Google

സിദ്ദിഖ് മാനേജിംഗ് ഡയറക്ടരും മാനേജിംഗ് എഡിറ്ററുമായ ഫാമിലി ഫെയ്‌സ് ബുക്കിന്റെ ജനുവരി ലക്കത്തിലാണ് സിദ്ദിഖിന്റെ വിവാദ മുഖപ്രസംഗം വന്നത്. ദല്‍ഹിയിലെ കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ തന്റേടിയായ സ്ത്രീ മാത്രമാണ് അവള്‍ക്ക് നേരെയുണ്ടാകുന്ന പീഡനത്തിന് ഉത്തരവാദിയെന്നാണ് സിദ്ദിഖ് പറയുന്നത്.

പുരുഷന്മാരോടൊപ്പം തുല്യ പരിഗണന വേണമെന്ന സ്ത്രീയുടെ ആവശ്യമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഫെയ്‌സ്ബുക്കിന്റെ മുഖപ്രസംഗത്തില്‍ സിദ്ദിഖ് പറയുന്നു.

തുല്യപരിഗണന വേണമെന്ന് മുറവിളി കൂട്ടിയപ്പോള്‍ അവസാനം അത് ലഭിച്ചു. അങ്ങനെ വന്നപ്പോള്‍ തന്നെ  രാവും പകലും വ്യത്യാസമില്ലാതെ ജോലി ചെയ്യേണ്ടി വന്നു, യാത്ര ചെയ്യേണ്ടി വന്നു. ആറു മണി കഴിഞ്ഞാല്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നവര്‍ രാത്രി പത്തു മണി കഴിഞ്ഞും ജോലിക്ക് പുറപ്പെടേണ്ടി വന്നു.

തനിയ്ക്ക് ആരും വേണ്ടെന്നും തന്നെ നോക്കാന്‍ തനിയ്ക്കറിയാമെന്നുമുള്ള അഹങ്കാരമായി പലര്‍ക്കും, തുണയ്ക്ക് ആരും വേണ്ട. ഞങ്ങള്‍ ഒറ്റയ്ക്കായ്‌ക്കൊള്ളാമെന്ന ഭാവത്തോടെ അവര്‍ സഞ്ചരിക്കാന്‍ തുടങ്ങി.

ഇത്തരത്തില്‍ അവസരങ്ങള്‍ സ്ത്രീകള്‍ തന്നെ ഉണ്ടാക്കി കൊടുത്തപ്പോള്‍ കാത്തിരുന്ന പലരും അവസരം ഉപയോഗപ്പെടുത്തിയെന്നും സിദ്ദിഖ് ഓര്‍മ്മപ്പെടുത്തുന്നു.

ബലാത്സംഗക്കേസുകളും പീഡനങ്ങളും എടുത്ത് പരിശോധിച്ചാല്‍ അതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യമുണ്ട്.

രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും ആണ്‍കുട്ടികളോടൊപ്പം സ്ഥലകാലബോധമില്ലാതെ തന്നെ ചുറ്റികറങ്ങിയവരുമൊക്കെയാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്.

അത് അവര്‍ ക്ഷണിച്ചുവരുത്തുന്നതാണ്. സ്ത്രീക്ക് നേരെ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അതിന് കാരണക്കാരി അവള്‍ തന്നെയാണെന്ന് ഓരോരുത്തരും ഓര്‍ക്കണമെന്നും സിദ്ദിഖ് മുന്നറിയിപ്പ് തരുന്നു.

സഹോദരിമാരെ നിങ്ങളെ സൂക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നിങ്ങള്‍ തന്നെയാണ്. പുരുഷനോടൊപ്പം സമത്വം വേണമെന്ന് വാശി പിടിക്കുന്നവര്‍ ഒന്നു ചിന്തിക്കണം, നിങ്ങള്‍ക്ക് വേണ്ടത് സമത്വമല്ല സംരക്ഷണമാണ്.

എന്റെ അച്ഛന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ സംരക്ഷണയില്‍ ഞാന്‍ സുരക്ഷിതയാണ് എന്നതാവണം ഒരു സ്ത്രീയുടെ ധൈര്യമെന്നും എഡിറ്റോറിയല്‍ ഉപദേശിക്കുന്നു. അല്ലാതെ സ്ത്രീ പുരുഷനാകാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്ന ദുരവസ്ഥ കണ്ട് വിലപിക്കാന്‍ മാത്രമെ ഞങ്ങള്‍ക്ക് കഴിയു എന്ന താക്കീതോടെയാണ് സിദ്ദിഖ് കൈയ്യൊപ്പിട്ട എഡിറ്റോറിയല്‍ അവസാനിക്കുന്നത്.