ഭോപ്പാല്‍: ഭോപ്പാലില്‍ ബോളീവുഡ് നടന്‍ സൈഫ് അലി ഖാനുനേരെ കരിങ്കൊടി പ്രതിഷേധം. ഭോപ്പാല്‍ നവാബിന്റെ സൗദി അറേബ്യയിലുള്ള റുബാത്തിന്റെ(ഗസ്റ്റ് ഹൗസ്) മേല്‍നോട്ടം സൗദി പൗരന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പട്ടൗഡിയിലെ നവാബ് കൂടിയായ സൈഫ് അലി ഖാനു നേരെ പ്രതിഷേധകര്‍ കരിങ്കൊടി കാണിച്ചത്. ആരിഫ് മസൂദ് ഫാന്‍ ക്ലബിന്റെ  നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

ഹൈദരാബാദ് നവാബിന്റെ 45 റുബാത്തുകള്‍ സൗദിയില്‍ ഉണ്ടായിരുന്നുവെന്നും റുബാത്തുകളുടെ മേല്‍നോട്ടം സൗദി പൗരന്മാരെ ഏല്‍പ്പിച്ചതിനുശേഷം അവരുടെ എണ്ണം ഒന്നായി ചുരുങ്ങിയെന്നാണ് ആരിഫ് മസൂദ് ഫാന്‍ ക്ലബ് പറയുന്നത്.  ഭോപ്പാല്‍ നവാബിന്റെ റുബാത്തും സൗദി പൗരനെ ഏല്‍പ്പിച്ചാല്‍ ഇതേ അവസ്ഥ തന്നെ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, പ്രതിഷേധം മുലം ഭോപ്പാല്‍ നവാബിന്റെ സ്വത്തുക്കളുടെയെല്ലാം മേല്‍നോട്ടം വഹിക്കുന്ന ഷാഹി അഖഫിന്റെ സെക്രട്ടറി അന്‍വര്‍ മുഹമ്മദ് ഇന്ന് രാജിവയ്ക്കുകയുണ്ടായി. തന്റെ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഒരു കാരണവശാലും രാജിപിന്‍വലിക്കില്ലെന്നും അന്‍വര്‍ അറിയിച്ചു.

ഏജന്റ് വിനോദ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് സെയ്ഫ് ഇപ്പോള്‍.

Malayalam news
Kerala news in English