കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്കുപോലും മോശമായി പറഞ്ഞിട്ടില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. തനിക്കെതിരായ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നെന്നും നല്ലൊരു നേതാവായി മാറുന്നതിന് വേണ്ടിയാണ് വിമര്‍ശനങ്ങളെന്നും മുകേഷ് പ്രതികരിച്ചു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മുകേഷ് പൊട്ടിത്തെറിച്ചിരുന്നു. യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന യോഗത്തിലാണ് മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചത്. സഹിക്കുന്നതിന് ഒരതിരുന്ന് എന്നൊക്കെയായിരുന്നു മുകേഷിന്റെ വാക്കുകള്‍.


Dont Miss ബി.ജെ.പി പ്രവര്‍ത്തകരെ നടുറോഡില്‍ ‘കൈകാര്യം’ ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി യോഗി ആദിത്യനാഥിന്റെ പ്രതികാര നടപടി


ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും താരത്തിനെതിരെ മന:പൂര്‍വം കരിവാരി തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന ചോദ്യവുമാണ് മുകേഷിനെ ചൊടിപ്പിച്ചത്.

ദിലീപ് ഞങ്ങളുടെ കൂടെ ഇരിക്കുകയല്ലേയെന്നും പിന്നെ എങ്ങനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നിങ്ങള്‍ പറയുകയെന്നും മുകേഷ് ചോദിച്ചിരുന്നു. നടന്‍മാരായ ദേവനും സിദ്ദിഖും മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി സംസാരിച്ചിരുന്നു. നിങ്ങള്‍ എന്തുചോദിച്ചാലും ഒന്നും കിട്ടാന്‍ പോകുന്നില്ലെന്നായിരുന്നു എം.എല്‍.എ കൂടിയായ ഗണേഷ് കുമാറിന്റെ പ്രതികരണം.

അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, ഗണേശ് കുമാര്‍, ഇടവേള ബാബു, സിദ്ദീഖ്, ദിലീപ്, ദേവന്‍, കലാഭവന്‍ ഷാജോണ്‍, സാദിഖ് എന്നിവര് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.

നടിയെ ആക്രമിച്ച സംഭവം താരസംഘടനയായ അമ്മ ജനറല്‍ ബോഡിയോഗത്തില്‍ ചര്‍ച്ച ചെയ്യാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകള്‍ നടത്തിയ താരങ്ങള്‍ക്കെതിരെ അമ്മ ഒരു വാക്ക് പോലും മിണ്ടാത്തതും വലിയ വിവാദമായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇങ്ങനെ ഒരു സംഭവമേ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു അമ്മ പ്രസിഡണ്ടും എം പിയുമായ ഇന്നസെന്റ് പറഞ്ഞത്.