എഡിറ്റര്‍
എഡിറ്റര്‍
ജഗതിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി; ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍
എഡിറ്റര്‍
Saturday 10th March 2012 11:00am

കോഴിക്കോട്: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിവയറ്റിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജഗതിയുടെ കഴുത്തിനും നെഞ്ചിനും വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കോഴിക്കോട് മിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജഗതി 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. സാധാരണ നിലയില്‍ ശ്വസനം നടക്കാത്തതിനാല്‍ കൃത്രിമ ശ്വാസോഛ്വാസം നല്‍കുന്നുണ്ട്.

ഇന്ന് രാവിലെ 5:30 ഓടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത പാണമ്പ്ര വളവിലാണ് അപകടമുണ്ടായത്. തൃശൂരില്‍ പദ്മകുമാറിന്റെ സെറ്റില്‍ നിന്ന് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കുടകിലേക്കുള്ള യാത്രാമധ്യേ ആണ് അപകടം. ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ജഗതിയുടെ സ്ഥിരം ഡ്രൈവറായ പെരുമ്പാവൂര്‍ സ്വദേശി പി. പി. സുനില്‍കുമാറാണ് കാറോടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കാലൊടിഞ്ഞിട്ടുണ്ട്.

കോഴിക്കോട്ട് ആശുപത്രിയില്‍ രോഗിയെ ഇറക്കി മടങ്ങിയ ആംബുലന്‍സും നഴ്‌സുമാരും അപകടം നടന്ന സ്ഥലത്ത് എത്തി പ്രഥമ ശുശ്രൂഷ നല്‍കി കോഴിക്കോട് മിംസ് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ നില വഷളാവുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.

നെഞ്ചിലേയും അടിവയറ്റിലേയും പരുക്കു ഗുരുതരമാണ്. വാരിയെല്ലിനു പൊട്ടലുണ്ട്. കഴുത്തിലും കാലിലുമുള്ള മുറിവ് ഗുരുതരമല്ല. അടിവയറ്റിലെ ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നതിനാലാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനമെടുത്തത്. കരളിനു ചെറിയ മുറിവേറ്റതായി ശസ്ത്രക്രിയാവേളയില്‍ കണ്ടെത്തി. നാല് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കു ശേഷം രക്തസ്രാവം നിയന്ത്രണവിധേയമായതായും രക്തസമ്മര്‍ദ്ദം സാധാരണതോതിലായതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

പത്തോളം വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് ജഗതിയുടെ ശസ്ത്രക്രിയ നടത്തിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഡറില്‍ തട്ടിയുണ്ടാകുന്ന അപകടം പാണമ്പ്രയില്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Malayalam news

Kerala news in English

Advertisement