ചെന്നൈ: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് അടുത്തമാസം അവസാനത്തോടെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ജഗതിയുടെ മകന്‍ രാജ്കുമാര്‍ പറഞ്ഞു. സെപ്റ്റംബര്‍ അവസാനമോ അല്ലെങ്കില്‍ ഒക്ടോബറിലോ അദ്ദേഹത്തിന് ആശുപത്രി വിടാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ഇക്കഴിഞ്ഞൊരു ദിവസം രാത്രിയില്‍ ‘ പേരെന്താണെ’ന്ന കുടുംബാംഗങ്ങളുടെ ചോദ്യത്തിന് ‘ഞാന്‍ ജഗതി’ എന്ന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞുവെന്ന് രാജ്കുമാര്‍ വെളിപ്പെടുത്തി. അപകടത്തെത്തുടര്‍ന്ന് സംസാരശേഷി നഷ്ടമായ നിലയിലായിരുന്ന ജഗതിയോട് തുടര്‍ച്ചയായി സംസാരിക്കുകയും ഇടയ്ക്ക് ചില ചെറിയ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

Subscribe Us:

അതേസമയം, ചോദ്യങ്ങള്‍ക്ക് സത്വരമായ പ്രതികരണം ഇനിയും ഉണ്ടായിട്ടില്ല. എന്തെങ്കിലും ചോദിച്ച് കഴിഞ്ഞാല്‍ അല്പസമയം കഴിഞ്ഞാണ് പ്രതികരണം ലഭിക്കുക.

കൂടാതെ, അപകടത്തെത്തുടര്‍ന്ന് ചലനശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്ന വലതുകാലിന്റെയും വലതു കൈയുടെയും കാര്യത്തിലും ആശാവഹമായ പുരോഗതിയുണ്ട്. വലത് കാലിന്റെ ചലനശേഷി ഇപ്പോള്‍ പൂര്‍ണ്ണമായും തിരിച്ചു കിട്ടിയിട്ടുണ്ട്. ആരെങ്കിലും പതിയെ താങ്ങിക്കൊടുത്താല്‍ ആശുപത്രി മുറിക്കുള്ളിലൂടെ അച്ഛന്‍ വലിയ ആയാസമില്ലാതെ നടക്കുമെന്നും രാജ്കുമാര്‍ പറഞ്ഞു. വലത് കൈയുടെ ചലനശേഷി പൂര്‍ണ്ണമായി തിരിച്ച് കിട്ടിയിട്ടില്ല. അതിനുള്ള ഫിസിയോതെറാപ്പി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയോടൊപ്പം ഓര്‍മശക്തി തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇപ്പോള്‍ കുറച്ച് നേരം ഇന്‍ഡോര്‍ ഗെയിമുകളിലും ജഗതിയെ വ്യാപൃതനാക്കുന്നുണ്ടെന്നും രാജ്കുമാര്‍ അറിയിച്ചു.

വെല്ലൂരിലെ ആശുപത്രി വിട്ട് കേരളത്തിലെത്തിയിട്ട് പഴയ ആരോഗ്യവും ഊര്‍ജ്ജസ്വലതയും വീണ്ടെടുക്കാനായി ഏതാനും മാസത്തേക്ക് അദ്ദേഹത്തെ ആയുര്‍വേദ ചികിത്സകള്‍ക്ക് വിധേയനാക്കും. ആരോഗ്യസ്ഥിതിയില്‍ ഇതുപോലെ പുരോഗതിയുണ്ടാവുമെങ്കില്‍ അടുത്ത വര്‍ഷം മധ്യത്തോടെ അച്ഛന്‍ വീണ്ടും വെള്ളിത്തിരയില്‍ സജീവമായേക്കുമെന്നും രാജ്കുമാര്‍ പറഞ്ഞു.