എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങളുടെ ശ്രദ്ധകിട്ടാന്‍ ഞങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തണോ?’ കത്തിനോടു പ്രതികരിക്കാത്ത മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗതമി
എഡിറ്റര്‍
Sunday 5th February 2017 1:52pm

gauthami


സോഷ്യല്‍ മീഡിയകളും മറ്റും ഇത്രയേറെ ഉപയോഗിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് ഒരു പൗരന്റെ ആശങ്കകള്‍ എങ്ങനെയാണ് അവഗണിക്കാന്‍ കഴിയുകയെന്ന് ഗൗതമി ചോദിച്ചു.


ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഗൗതമി. തമിഴ്‌നാടിന്റെ ആശങ്കകളും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും സംബന്ധിച്ച് ഗൗതമി നല്‍കിയ കത്തിന് മറുപടി നല്‍കാത്ത മോദിയുടെ നടപടിയെയാണ് നടി വിമര്‍ശിച്ചത്.

സോഷ്യല്‍ മീഡിയകളും മറ്റും ഇത്രയേറെ ഉപയോഗിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് ഒരു പൗരന്റെ ആശങ്കകള്‍ എങ്ങനെയാണ് അവഗണിക്കാന്‍ കഴിയുകയെന്ന് ഗൗതമി ചോദിച്ചു. തന്റെ ബ്ലോഗിലൂടെയാണ് ഗൗതമി മോദിയെ വിമര്‍ശിച്ചത്.

ഡിസംബര്‍ എട്ടിനാണ് മോദിയെ ആശങ്കകള്‍ അറിയിച്ചുകൊണ്ട് കത്തെഴുതിയത്. അത് നേരിട്ട് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്റിലിലേക്കും ഓഫീസിലേക്കും അയക്കുകയും ചെയ്തിരുന്നു. ഏറെ പ്രധാന്യമുള്ള ഒരു വിഷയത്തില്‍ വളരെ ജനാധിപത്യപരമായ രീതിയിലാണ് പ്രധാനമന്ത്രിയെ താന്‍ ആശങ്കകള്‍ അറിയിച്ചത്. എന്നാല്‍ മോദി തന്റെ കത്തിന് ഇതുവരെ യാതൊരു മറുപടിയും നല്‍കിയില്ലെന്ന് ഗൗതമി ചൂണ്ടിക്കാട്ടുന്നു.


Also Read: മോദി സര്‍ക്കാറിന് ഏറെ തിരിച്ചടിയായ വിധി പുറപ്പെടുവിച്ച മലയാളി ജഡ്ജിയുടെ പേര് സുപ്രീം കോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത് വിവാദമാകുന്നു 


ഡിജിറ്റലൈസേഷന്റെ ചാമ്പ്യനെന്ന് അവകാശപ്പെടുകയും സോഷ്യല്‍ മീഡിയയെ ഏറ്റവും നന്നായി ഉപയോഗിക്കുകയും ചെയ്ത മോദിയുടെ ഭാഗത്തുനിന്നാണ് ഒരു പൗരന്റെ ആശങ്കകള്‍ക്കു മറുപടിയില്ലാത്തത്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനമായ തമിഴ്‌നാട് കേന്ദ്രസര്‍ക്കാറിന്റെ പരിഗണന അര്‍ഹിക്കുന്നില്ലെന്നാണോയെന്നും അവര്‍ ചോദിക്കുന്നു.

‘ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം നിഷേധിക്കുന്നതും അമ്മയ്ക്ക് നീതി നിഷേധിക്കുന്നതും തമിഴ്‌നാടിനെ തന്നെ അവഗണിക്കുന്നതിന് തുല്യമാണ്.’ ഗൗതമി കുറിക്കുന്നു.

രാജ്യത്തെ ഒരു മുന്‍നിര രാഷ്ട്രീയ നേതാവും, മുഖ്യമന്ത്രിയുമാണ് ചുമതലയിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നത്. അതിനു പിന്നിലെ ദുരൂഹത നീക്കേണ്ടതുണ്ട്. തങ്ങളുടെ വേദനയും ആശങ്കകളും കൃത്യമായ മറുപടികള്‍ നല്‍കി മാനിക്കപ്പെടേണ്ടതുണ്ടെന്നും ഗൗതമി ചൂണ്ടിക്കാട്ടുന്നു.

‘ഞങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ ശ്രദ്ധിക്കാന്‍ എന്താണ് ചെയ്യേണ്ടത്? അവര്‍ പ്രതികരിക്കാന്‍ എന്തു ചെയ്യണം? എല്ലാ പൗരന്മാരും തെരുവിലിറങ്ങി മറ്റൊരു പ്രക്ഷോഭം ആരംഭിക്കണോ? ‘ ഗൗതമി ചോദിക്കുന്നു.

Advertisement