ജലന്ധര്‍: പ്രശസ്ത ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി(57) വാഹനാപകടത്തില്‍ മരിച്ചു. പഞ്ചാബിലെ നകോദര്‍ പട്ടണത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

നാളെ റിലീസ് ചെയ്യാനിരിക്കുന്ന തന്റെ പുതിയ പഞ്ചാബി സിനിമയായ പവര്‍ കട്ടിന്റെ പ്രപാരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ജസ്പാല്‍.

Ads By Google

ഭട്ടിയുടെ പുത്രന്‍ ജസ്‌രാജിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ പരസ്യപ്രചാരണത്തിനായി നാല്പത് ദിവസത്തെ പര്യടനത്തിലായിരുന്നു ഭട്ടി. ഈ പര്യടനം വ്യാഴാഴ്ച ജലന്ധറില്‍ നടക്കേണ്ടിയിരുന്ന ഒരു വാര്‍ത്താസമ്മേളനത്തോടെ സമാപിക്കുമായിരുന്നു.

ജസ്പാലിന്റെ കാര്‍ ദേശീയപാതയില്‍ വെച്ച് ഒരു മരത്തിലിടിയ്ക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.

മകന്‍ ജസ്‌രാജ്, പുതിയ ചിത്രത്തിലെ നായികയായ സുരിളി ഗൗതം, എന്നിവര്‍ക്കൊപ്പം മറ്റൊരാള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ ജലന്ധറിലെ ഒരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ടെലിവിഷന്‍ ഷോകളിലൂടെയും ഹിന്ദി ചിത്രങ്ങളിലൂടെയും ഏറെ പ്രശസ്തനായിരുന്നു ജസ്പാല്‍ ഭട്ടി. ‘ഉള്‍ട്ട പുള്‍ട്ട’, ‘ഫ്‌ലോപ്പ് ഷോ’ എന്നീ ടി.വി ഷോകള്‍ ഏറെ പ്രചാരം നേടിയിരുന്നു. 1999ല്‍ ‘മഹൗല്‍ ഠീക്ക് ഹേ’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

തൊണ്ണൂറുകളില്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ജസ്പാലിന്റെ ‘ഫ്‌ളോപ്പ് ഷോ’, ‘ഉള്‍ട്ടാ പുള്‍ട്ടാ’ തുടങ്ങിയ പരിപാടികള്‍ വളരെയേറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ജാനം സംജാ കരോ, തുഝേ മേരി കസം, കുച്ച് നാ കഹോ, കുച്ച് മീഠാ ഹോ ജായെ, ഫനാ, ഏക് ദ പവര്‍ ഓഫ് വണ്‍, മൗസം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഹാസ്യവേഷം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.