Augustine2

കോഴിക്കോട്: നടന്‍ അഗസ്റ്റിന്‍  (56) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അഗസ്റ്റിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. മരണസമയത്ത് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആന്‍സിയാണ് ഭാര്യ. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്കെത്തിയ ആന്‍ ആഗസ്റ്റിനും ജീത്തുവുമാണ് മക്കള്‍.

1985 ല്‍ ഇറങ്ങിയ കലോപാസന എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ചെറിയ വേഷങ്ങളിലൂടെ മലയാളിയുടെ മനസില്‍ വലിയ കഥാപാത്രമായി വളര്‍ന്ന ആളായിരുന്നു അഗസ്റ്റിന്‍. നൂറിലധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇടംനേടാന്‍ ഈ കോഴിക്കോട്ടുകാരനായി.

മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതനാണ് ഈ കോഴിക്കോട്ടുകാരന്‍. നാടകരംഗത്ത് നിന്നാണ് സിനിമയുടെ ബിഗ്‌സക്രീനിലേക്ക് അഗസ്റ്റിന്‍ എത്തുന്നത്.

പത്താം വയസില്‍ തുടങ്ങിയ നാടകാഭിനയം തന്നെയാണ് അഗസ്റ്റിനെന്ന നടനെ സൃഷ്ടിച്ചത്. സുരാസുവിന്റെയും മധുമാസ്റ്ററുടെയും സി എല്‍ ജോസിന്റെയും നാടകങ്ങളിലെ ശക്തമായ കഥാപാത്രങ്ങളെ വേദിയില്‍ അവതരിപ്പിച്ച് അഭിനന്ദനം നേടിയ നടനാണ് അഗസ്റ്റിന്‍.

നെല്ലിക്കോട് ഭാസ്‌ക്കരന്‍, ആഹ്വാന്‍ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു അഗസ്റ്റിന്റെ നാടകരംഗത്തേക്കുള്ള പ്രവേശനത്തിന് പ്രചോദനമായത്.

രഞ്ജിത്ത് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഗസ്റ്റിന്‍.

രഞ്ജിത്ത്, ഷാജി കൈലാസ്, ലാല്‍ജോസ്, ശ്രീനിവാസന്‍ തുടങ്ങിയവരുമായുള്ള ആത്മബന്ധം സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ അഗസ്റ്റിനെ സഹായിച്ചു.

സദയം, ദാദസാഹിബ്, നീലഗിരി, ദേവാസുരം, നരസിംഹം,  രാവണപ്രഭു, ചന്ദ്രലേഖ, ഒരു മറവത്തൂര്‍ കനവ്, ചിന്താവിഷ്ടയായ ശ്യാമള, കമ്മീഷണര്‍ സ്ഥലത്തെ പ്രധാന പയ്യന്‍സ്, വാമനപുരം ബസ് റൂട്ട്, കാഴ്ച, അറബിക്കഥ, വേഷം,  കഥപറയുമ്പോള്‍, നന്ദനം,

പോത്തന്‍വാവ, ബല്‍റാം വെഴ്‌സസ് താരദാസ്, രാഷ്ട്രം വര്‍ഗം, അലിഭായ്, തിരക്കഥ, കേരള കഫേ എന്നിങ്ങനെ 35 വര്‍ഷത്തിനുള്ളില്‍ 250 ഓളം സിനിമകളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു.

2009ലാണ് അഗസ്റ്റിനെ പക്ഷാഘാതം പിടികൂടുന്നത്. തുടര്‍ന്ന് ഒന്നരവര്‍ഷക്കാലം സിനിമയില്‍നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു. പക്ഷാഘാതം ശരീരത്തെ തളര്‍ത്തിയെങ്കിലും സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ അഗസ്റ്റിന്‍ തയ്യാറായിരുന്നില്ല.

അസുഖം വന്നതിനുശേഷം ഇന്ത്യന്‍ റുപ്പി, പെണ്‍പട്ടണം ഉള്‍പ്പെടെ പത്തോളം സിനിമകളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയിലും ജോയ്മാത്യു സംവിധാനം ചെയ്ത ‘ഷട്ടര്‍’ എന്ന ചിത്രത്തിലും ഷൈജു അന്തിക്കാടിന്റെ ‘സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലും ഷാജൂണ്‍ കാര്യാലിന്റെ ‘ചേട്ടായീസി’ലും അഗസ്റ്റിന്‍ വേഷമിട്ടു.

രഞ്ജിത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന സിനിമ നിര്‍മിച്ചതും അഗസ്റ്റിനാണ്. കുന്നുമ്പുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി കോടഞ്ചേരിയിലായിരുന്നു അഗസ്റ്റിന്റെ ജനനം.

മൃതദേഹം വൈകീട്ട് കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം നാളെ പാറോപ്പടി സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.