പുതിയ ചിത്രമായ വയലിന്റെ റിലീസോടെ ആദ്യമായി സോളോ ഹീറോ ആയിരിക്കുകയാണ് ആസിഫ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ വിജയത്തോടെ ആസിഫിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കയാണ്. സിനിമകളെക്കുറിച്ചും കരിയറിനെക്കുറിച്ചും ആസിഫ് സംസാരിക്കുന്നു.

ആദ്യമായാണ് സോളോ ഹീറോയായി അഭിനയിക്കുന്നത്. വയലിനെ കുറിച്ച് പറയാമോ.

എന്റെ വലിയൊരാഗ്രഹമായിരുന്നു അത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഇടുക്കിയിലെ ഒരു നാട്ടിന്‍പുറത്തുകാരനായ പാവം പയ്യനായാണ് വയലിനില്‍ അഭിയിനയിച്ചത്. നായകനായി അഭിനയിക്കുക എന്നത് വലിയൊരു ഉത്തരവാദിത്വമായാണ് കാണുന്നത്. കഴിവിന്റെ പരമാവധി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിബി മലയിലിന്റെ സിനിമയിലൂടെ തന്നെ നായകനാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയല്ലോ. അതിനെ പറ്റി…

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ പുതിയ ജനറേഷന്‍ സിനിമയാണ്. ഇതുവരെ മലയാളത്തില്‍ ഈ രീതിയുലുള്ള സിനിമ ഉണ്ടായിട്ടില്ല. പുതിയ ഫോര്‍മാറ്റിലാണെങ്കിലും ഇമോഷന്‍സിന് പ്രാധാന്യം കൊടുക്കുന്ന സിനിമയാണത്.

വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളെയാണല്ലോ തിരഞ്ഞെടുക്കാറ്…

ടൈപ്പ് വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല, ഇതുവരെ കിട്ടിയതെല്ലാം വ്യത്യസ്തങ്ങളായ വേഷങ്ങളായിരുന്നു. ആദ്യ ചിത്രമായ റിതുവില്‍ ഒരു ഗേ ആയാണ് അഭിനയിച്ചത്. അതിന് ശേഷം വന്ന അപൂര്‍വ്വ രാഗത്തില്‍ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളായാണ് അഭിനയിച്ചത്.

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് പറയാമോ…

കഥ പറഞ്ഞുതരുമ്പോള്‍ തന്നെ ഞാനത് വിഷ്വലൈസ് ചെയ്ത് നോക്കാറുണ്ട്. എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നിയാല്‍ സ്വീകരിക്കും.

ജോഷിയുമായി സെവന്‍സിലെ അനുഭവം പറയാമോ.

വളരെ നല്ല അനുഭവമായിരുന്നു അത്. കുഞ്ചാക്കോ ബോബന്‍, നാദിയാ മൊയ്തു, നിവിന്‍ പോളി, ഭാമ, റീമാ കല്ലിങ്കല്‍, എന്നിവരുടെ ജോലി ചെയ്യാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നു. ഫുട്‌ബോള്‍ പശ്ചാത്തലത്തിലുള്ള ചിത്രമാണത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സൂരജ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്.

അസുരവിത്തിലെ കഥാപാത്രത്തെ കുറിച്ച്…

സെമിനാരിയില്‍ വളരുന്ന ഡോണ്‍ ബോസ്‌കോ എന്ന അനാഥനായാണ് അഭിനയിക്കുന്നത്. അവന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റമാണ് പ്രമേയം. ഒരു കുടുംബ പശ്ചാത്തലത്തിലുളള ആക്ഷന്‍ ചിത്രമാണിത്. ആദ്യ പകുതിയില്‍ അന്തര്‍മുഖനായ നായകനാണെങ്കില്‍ രണ്ടാം പകുതിയില്‍ വ്യത്യസ്തനായ നായകനാണ്.

ഇതുവരെ ചെയ്ത വേഷങ്ങളില്‍ സ്വന്തം ജീവിതത്തോട് അടുത്തുനില്‍ക്കുന്നത് ഏതാണ്.

(ചിരിക്കുന്നു). ബുദ്ധിമുട്ടാണ് പറയാന്‍. എന്നാലും സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ മനുവാണ് ഏറ്റവും അടുത്തുനില്‍ക്കുന്നത്. പക്ഷേ ജോലിയെ ഞാന്‍ വളരെ ഗൗരവമായാണ് കാണുന്നത്.

കടപ്പാട്: റഡിഫ്‌ന്യൂസ്‌