മുംബൈ: വിവരാവകാശ നിയമത്തിന്റെ സഹായത്താല്‍ പല അഴിമതികളും പുറത്തുവരുന്ന സാഹചര്യത്തില്‍ ഈ നിയമത്തില്‍ ഭേദഗതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. ജനുവരി 16ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച കാര്യം പറയുന്നത്. പുതിയ നിയമപ്രകാരം ഒരു അപേക്ഷയില്‍ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മാത്രമേ ചോദ്യം ഉന്നയിക്കാന്‍ പാടുള്ളൂ. ഈ ചോദ്യം 150 വാക്കുകളില്‍ കൂടാനും പാടില്ല. ഇതിന് പുറമേ സൂക്ഷ്മപരിശോധനസമയത്ത് വ്യക്തി പെന്‍സില്‍ മാത്രമേ കയ്യില്‍ കരുതാന്‍ പാടുള്ളൂ.

വിശദമായി പറഞ്ഞാല്‍ ബില്‍ഡിംഗ് പ്രപ്പോസല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിങ്ങള്‍ ഒരു ആര്‍.ടി.ഐ അപേക്ഷ ഫയല്‍ ചെയ്തുവെന്നിരിക്കട്ടെ, മറുപടിയുടെ ചിലഭാഗം കെട്ടിട നിര്‍മാണ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കേണ്ടതാണെങ്കില്‍ നിങ്ങള്‍ മറ്റൊരു അപേക്ഷ കൂടി നല്‍കിയാല്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ.

വിശ്വാസവഞ്ചനയെന്നാണ് സര്‍ക്കാരിന്റെ ഈ നീക്കത്തെ വിവരാവകാശ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. വിവരാവകാശ നിയമത്തിന്റെ ശോഭനഷ്ടപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

‘വിവരാവകാശ നിയമത്തിന്റെ സഹായത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ നടക്കുന്നത് ഈ നിയമത്തെ നശിപ്പിക്കാനുള്ള ശ്രമമാണ്.’ വിവരാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.