ജയ്പൂര്‍: വിവരാവകാശ പ്രവര്‍ത്തകന്‍ നിഖില്‍ഡേയ്ക്കും മറ്റു നാലുപേര്‍ക്കും നാലുമാസത്തെ തടവുശിക്ഷ വിധിച്ച് രാജസ്ഥാന്‍ കോടതി. ‘അതിക്രമിച്ചു കയറി ഉപദ്രവിച്ചു’ എന്ന ആരോപണത്തിന്റെ പേരില്‍ 20വര്‍ഷം പഴക്കമുളള കേസിലാണ് അദ്ദേഹത്തെ ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്.

അഞ്ചുപേരും വിധിയ്‌ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ ശിക്ഷ നീട്ടിവെച്ചിരിക്കുകയാണ്.

1998 മെയ്യില്‍ നടന്ന സംഭവങ്ങളുടെ പേരിലാണ് നിഖില്‍ ഡേയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ജയ്പൂരിനു സമീപമുള്ള ഒരു ഗ്രാമത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാനായി പോയതായിരുന്നു ഇവര്‍.


Also Read:മഞ്ചേശ്വരം കേസ്: ഹാജരായ അഞ്ചുപേരും വോട്ടുചെയ്‌തെന്നും മൊഴി നല്‍കി; എം.എല്‍.എയുടെ രാജിയടക്കം ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ക്ക് കോടതിയുടെ വിമര്‍ശനം 


ഗ്രാമവാസികള്‍ക്കായി ടോയ്‌ലറ്റ്, വീട് തുടങ്ങിയവ നിര്‍മ്മിക്കാനും മറ്റ് സര്‍ക്കാര്‍ പദ്ധതികള്‍ക്കുമായുള്ള ഫണ്ട് ഗ്രാമത്തിലെ സര്‍പഞ്ച് പ്യാരേലാല്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാനായി മെയ് ആറിന് നിഖില്‍ ഡേയും മറ്റ് ആക്ടിവിസ്റ്റുകളും ഇവിടം സന്ദര്‍ശിക്കുകയായിരുന്നു.

പ്യാരേലാലിന്റെ വിശദീകരണം അറിയാനായി ഇവര്‍ ഓഫീസിലെത്തിയെങ്കിലും ഓഫീസ് അടച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയവേളയില്‍ സര്‍പഞ്ച് ഇവരെ ആക്രമിക്കുകയും അതിക്രമിച്ചു കയറി ഉപദ്രവിച്ചു എന്നാരോപിച്ച് ഇവര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്‌തെന്നാണ് നിഖില്‍ഡേയുള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളുടെ ആരോപണം.

സര്‍പഞ്ചില്‍ നിന്നും ഔദ്യോഗികമായ വിവരങ്ങള്‍ ലഭിക്കാനായി 73 തവണ നിഖില്‍ഡേയും മറ്റൊരു ആക്ടിവിസ്റ്റായ നോര്‍ട്ടി ബാലും അദ്ദേഹത്തെ കണ്ടിരുന്നു. എന്നിട്ടും ലഭിക്കാതായതോടെയാണ് ഇവര്‍ വീട്ടിലെത്തിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് 1998ല്‍ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മൂന്നുവര്‍ഷത്തിനുശേഷം ആരോപണ വിധേയനായ സര്‍പഞ്ച് സംഭവസമയത്ത് സ്ഥലത്തില്ലായിരുന്ന ഒരാളെ സാക്ഷിയെന്നു പറഞ്ഞ് കോടതിയില്‍ ഹാജരാക്കിയതോടെയാണ് കേസ് വീണ്ടും വന്നത്. കഴിഞ്ഞദിവസമായിരുന്നു വിധി പ്രക്യാപിച്ചത്.

ഇത് നീതി നിഷേധമാണെന്ന് വിധിയോടു പ്രതികരിച്ച് ആക്ടിവിസ്റ്റ് അരുണ റോയി പറഞ്ഞു.

‘ഈ കേസിന്റെ നടപടിക്രമങ്ങള്‍ രണ്ടു ദശാബ്ദങ്ങളോളം തുടര്‍ന്നു. അന്തിമ വിധി അഴിമതിക്കെതിരെയും പൗരാവകാശങ്ങള്‍ക്കുവേണ്ടിയും പോരാടുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്.’ അവര്‍ പറഞ്ഞു.