എഡിറ്റര്‍
എഡിറ്റര്‍
സ്‌പ്ലെന്‍ഡറിനെ തോല്‍പ്പിച്ച് ആക്ടിവ
എഡിറ്റര്‍
Wednesday 13th November 2013 1:13pm

activa-Dool

ഇന്ത്യന്‍ ഇരുചക്രവാഹനവിപണിയില്‍ സ്‌കൂട്ടറുകള്‍ക്കാണ് ഇനി ഭാവിയെന്നു കണ്ണുംപൂട്ടി പറയാം.

കാരണം ഏറ്റവും വില്‍പ്പനയുള്ള ടൂവീലറായ ഹീറോ സ്‌പ്ലെന്‍ഡറിനെ വില്‍പ്പനയില്‍ തോല്‍പ്പിച്ചാണ് ഹോണ്ടയുടെ ഗീയര്‍ലെസ് സ്‌കൂട്ടറായ ആക്ടിവയുടെ മുന്നേറ്റം.

സെപ്റ്റംബറില്‍ 1.42 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായാണ് ഏറെക്കാലമായി രാജ്യത്തെ ബെസ്റ്റ് സെല്ലറായ ഹീറോ സ്‌പ്ലെന്‍ഡറിനെ ആക്ടിവ അടിയറവ് പറയിച്ചത്. ഇതേ മാസം 1,24,217 എണ്ണമായിരുന്നു സ്‌പ്ലെന്‍ഡറിന്റെ വില്‍പ്പന.

നടപ്പുസാമ്പത്തികവര്‍ഷം ആറുമാസത്തെ കണക്കെടുത്താല്‍ സ്‌പ്ലെന്‍ഡറിന്റെ വില്‍പ്പന 15.5 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇക്കാലയളവില്‍ ഒമ്പതുലക്ഷത്തിനു അല്‍പ്പം മുകളിലായിരുന്നു വില്‍പ്പന.

എന്നാല്‍ ആക്ടിവയുടെ വില്‍പ്പന 43 ശതമാനം കൂടി. ആറുമാസം കൊണ്ട് 7,18,888 എണ്ണമാണ് നിരത്തിലിറങ്ങിയത്.

കഴിഞ്ഞ നാലുകൊല്ലത്തിനകം സ്‌കൂട്ടര്‍ വിപണിയ്ക്ക് 26 ശതമാനമാണ് വളര്‍ച്ചാനിരക്ക്. അതേസമയം മോട്ടോര്‍സൈക്കിളിന്റെ കാര്യത്തില്‍ ഇതു 14.7 ശതമാനം മാത്രമാണ്.

വര്‍ധിച്ചുവരുന്ന വനിതാ ഉപഭോക്താക്കളാണ് ആക്ടിവയുടെ വില്‍പ്പന കൂടാന്‍ ഗ്രീസിടുന്നത്. തിരക്കുനിറഞ്ഞ നഗരവീഥികളില്‍ ഗീയര്‍രഹിത വാഹനമാണ് ഓടിക്കാന്‍ സുഖം എന്നതിനാല്‍ പുരുഷന്മാരും ഇപ്പോള്‍ സ്‌കൂട്ടറിന്റെ ആരാധകരായിട്ടുണ്ട്.

ഇരുചക്രവാഹനവിപണിയില്‍ സ്‌കൂട്ടറുകള്‍ക്കുള്ള വന്‍ ഡിമാന്റ് കണക്കിലെടുത്ത് മിക്ക കമ്പനികളും അവരുടെ ഗീയര്‍ലെസ് സ്‌കൂട്ടര്‍ വിഭാഗം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.

ഇതില്‍ നിന്നു മാറിനില്‍ക്കുന്ന ഏക കമ്പനി ബജാജ് മാത്രമാണ്. ഒരു കാലത്ത് സ്‌കൂട്ടര്‍നിര്‍മാതാക്കളെന്ന് അറിയപ്പെട്ടിരുന്ന ബജാജ് ഓട്ടോ ഇപ്പോള്‍ സ്‌കട്ടര്‍വിപണിയ്ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കുന്നത് അബദ്ധമെന്നേ പറയാനാകൂ.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഗൗനിക്കാതെ നിന്ന നോക്കിയയുടെ സ്ഥിതി ബജാജിന് ഉണ്ടാവാതിരിക്കട്ടെ.

Autobeatz

Advertisement