കൊച്ചി: യു.ഡി.എഫിന്റെ ജനകീയ മെട്രോ യാത്രയ്‌ക്കെതിരെ കെ.എം.ആര്‍.എല്‍ നടപടിക്ക് ഒരുങ്ങുന്നു. മെട്രോയിലെ യാത്രാചട്ടങ്ങള്‍ പാലിക്കാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാത്ര നടത്തിയതെന്നാണ് കെ.എം.ആര്‍.എല്‍ വ്യക്തമാക്കുന്നത്. കൂടാതെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ തുടങ്ങിയ നേതാക്കളുടെയും എംഎല്‍മാരുടെയും നേതൃത്വത്തില്‍ ആലുവയില്‍ നിന്നും പാലാരിവട്ടത്തേക്ക് നടത്തിയ മെട്രോ യാത്രയാണ് വിവാദമായത്. പവര്‍ത്തകരുടെ ഉന്തു തളളും മൂലം യാത്ര വിവാദത്തില്‍ ചെന്നു പെടുകയായിരുന്നു.മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫിന്റെ മെട്രോ യാത്ര.


Also Read: ‘മുസ്‌ലീമല്ലേ, ബാഗിലെന്താണ് ബോംബാണോ?’ ബംഗളുവില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍


എന്നാല്‍ നടപടി എന്തായിരിക്കുമെന്ന് കെ.എം.ആര്‍.എല്‍ ഇതു സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നില്ല.
പൊലീസില്‍ പരാതി നല്‍കിയാല്‍ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

പ്രവര്‍ത്തകരുടെ തിക്കും തിരക്ക് മൂലം ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ട്രെയിനില്‍ കയറാന്‍ സാധിച്ചിരുന്നില്ല. തൊട്ടടുത്ത ട്രയിനിലാണ് അദ്ദേഹം യാത്ര ചെയ്തത്. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ മെട്രോ യാത്ര ചട്ടവിരുദ്ധമാണോ എന്നത് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും കെ.എം.ആര്‍.എല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.