എഡിറ്റര്‍
എഡിറ്റര്‍
ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ
എഡിറ്റര്‍
Tuesday 20th November 2012 12:12am

ന്യൂദല്‍ഹി: അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്ന കരട് ബില്ലിന് രാജ്യസഭയുടെ വിഷയനിര്‍ണയ സമിതി അംഗീകാരം നല്‍കി.

സി.ബി.ഐ. ഡയറക്ടറെയും പ്രോസിക്യൂഷന്‍ ഡയറക്ടറെയും തിരഞ്ഞെടുക്കുന്നതിന് സ്വതന്ത്രസംവിധാനം വേണമെന്നും ബില്ലില്‍ ശുപാര്‍ശ ചെയ്തു. സി.ബി.ഐ.ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും സമിതി തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രനിയമം പാസ്സായി ഒരു കൊല്ലത്തിനകം സംസ്ഥാനങ്ങളില്‍ ലോകായുക്ത നിയമം അംഗീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Ads By Google

വിഷയനിര്‍ണയസമിതിയുടെ ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്ത് ഭേദഗതി വരുത്തിയ ബില്ലാവും ഇനി അവതരിപ്പിക്കുക. സമിതിയുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ സമ്മേളനത്തില്‍ത്തന്നെ സര്‍ക്കാറിന് ബില്ലും അവതരിപ്പിക്കാന്‍ കഴിയും.

രഹസ്യാന്വേഷണം, ആണവോര്‍ജം തുടങ്ങി ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊഴികെ പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയിലുള്‍പ്പെടുത്തണമെന്നാണ് കരട് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നത്. പ്രോസിക്യൂഷനുള്ള സി.ബി.ഐ. യുടെ സ്വാതന്ത്ര്യമാണ് ഒമ്പതിന് ചേര്‍ന്ന സമിതി യോഗത്തില്‍ പ്രധാനമായും ഭിന്നതയ്ക്ക് വഴിവെച്ചത്.

സി.ബി.ഐ. പ്രോസിക്യൂഷന്‍ വിഭാഗത്തിന്റെ മേധാവി ഐ.എ.എസ്സുകാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഫലത്തില്‍ സര്‍ക്കാറിന്റെ നയം തന്നെയാണ് അവിടെ നടപ്പാകുന്നതെന്ന് ബി.ജെ.പി.യും ഇടതുപക്ഷവും കുറ്റപ്പെടുത്തി. ഈ സംവിധാനം മാറ്റി സി.ബി.ഐ. യുടെ പ്രോസിക്യൂഷന്‍ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള അധികാരം കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് നല്‍കാനാണ് വിഷയനിര്‍ണയസമിതി ശുപാര്‍ശ ചെയ്തത്.

വിജിലന്‍സ് കമ്മീഷണറുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കുന്ന വ്യക്തി ഐ.എ.എസ്. ഉദ്യോഗസ്ഥനാകില്ലെന്ന പ്രതീക്ഷയാണ് സമിതിക്കുള്ളത്. സി.ബി.ഐ. ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതി വേണമെന്ന ശുപാര്‍ശയും അംഗീകരിച്ചു. ഡയറക്ടര്‍ക്ക് രണ്ട് കൊല്ലത്തെ നിശ്ചിതകാലാവധിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ മാത്രമായി സി.ബി.ഐ. ഡയറക്ടറെ തിരഞ്ഞെടുക്കുന്നത് സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. അന്വേഷിക്കാന്‍ വിടുന്ന കേസുകളുടെ മേല്‍നോട്ടം ലോക്പാലിന് തന്നെയായിരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലോകായുക്തകളുടെ കാര്യത്തിലുള്ള വിവാദ വ്യവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് വിയോജനക്കുറിപ്പുകളില്ലാതെ കരട് അംഗീകരിക്കുന്നതിന് സാധിച്ചത്.

പ്രാദേശിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ലോകായുക്ത രൂപവത്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനാണ് നിര്‍ദേശം. പ്രതിപക്ഷത്തെ ബി.ജെ.പി.യും ഇടതുപക്ഷവും ബില്ലില്‍ ഒട്ടേറെ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളും ലോക്പാല്‍ പരിശോധിക്കണമെന്ന് സി.പി.ഐ.എം. അംഗം കെ.എന്‍ ബാലഗോപാല്‍ ഭേദഗതി നല്‍കിയിരുന്നു.

എന്നാല്‍, ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.പത്ത് ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചതിലെ അഴിമതി അന്വേഷിക്കാന്‍ ലോക്പാലിന് അധികാരമുണ്ട്. എന്നാല്‍, കോടികളുടെ പൊതുപണം ഉപയോഗിക്കുന്ന ഇടപാട് അന്വേഷിക്കാന്‍ വ്യവസ്ഥയില്ലെന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement