കൊച്ചി: പോലീസിലെ മുഴുവന്‍ ക്രിമിനലുകള്‍ക്കെതിരെയും നടപടി വേണമെന്നും ആരുടെ പേരും വിട്ടു പോകരുതെന്നും ഹൈക്കോടതി. കോടതിയുടെ നിര്‍ദേശമനുസരിച്ച് ഡി.ജി.പി ജേക്കബ് പുന്നൂസ് നല്‍കിയ റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. പൂര്‍ണവും വ്യക്തവുമായ വിവരങ്ങളടങ്ങിയ പുതിയ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സമര്‍പ്പിക്കണം. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍തന്നെയാണ് പുതിയതിലും ഉള്ളതെന്നും കോടതി നിരീക്ഷിച്ചു.

ഡിജിപി ജേക്കബ് പുന്നൂസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ക്രമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടി എന്തെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യം റിപ്പോര്‍ട്ടിലില്ല. ഐ.പി.എസ് തലത്തിലുള്ള ഉദ്യോഗസ്ഥരിലെ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ വിവരങ്ങളും ഇല്ല. പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ ഇന്റലിജന്‍സ് നല്‍കിയി വിവരങ്ങള്‍ അടുത്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്താകെ 145 പൊലീസുകാരെ പ്രഥമദൃഷ്ട്യാ വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതികളായി കണ്ടെത്തിയതായി ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടിയെടുക്കേണ്ടവരായി കണ്ടെത്തിയ 79 പേരില്‍ 38 പേരെ പിരിച്ചുവിട്ടു. ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താതിരുന്ന നാലുപേരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും പുതിയ റിപ്പോര്‍ട്ടിലുണ്ട്.

സാമ്പത്തിക കുറ്റമടക്കം ചെയ്യുന്നവര്‍ പൊലീസില്‍ സജീവമാകുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണ്. ഇത് രാജ്യസുരക്ഷയെ വരെ ബാധിക്കുമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്.സതീശചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു. ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് എന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കത്തക്ക വിധത്തിലുള്ള കേസൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.