എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കെതിരായ ഗാര്‍ഹിക പീഡനം മറച്ചുവെച്ചാല്‍ അധ്യാപകര്‍ക്കെതിരെ അച്ചടക്കനടപടി
എഡിറ്റര്‍
Thursday 21st November 2013 12:55am

child-abuse

തിരുവനന്തപുരം: വീടുകളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത അധ്യാപകര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും.

ഇതുള്‍പ്പെടെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചു.

രണ്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളിലെ പീഡനത്തിനിരയായതോ ആകാന്‍ സാധ്യതയുള്ളതോ ആയ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പ്രത്യേക ട്യൂഷനും പഠനവിനോദയാത്രയും നല്‍കണം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രിന്‍സിപ്പലിനെ സഹായിക്കാനായി ഓരോ സ്‌കൂളിലും ഒരു അധ്യാപകനെ വീതം നോഡല്‍ ടീച്ചറായി നിയമിക്കണം.

എല്ലാ സ്‌കൂളുകളിലും ഇത്തരം പരാതികള്‍ സ്വീകരിക്കാനായി ഡ്രോപ് ബോക്‌സുകള്‍ സ്ഥാപിക്കണം. പീഡനത്തിനിരയായ കുട്ടികളെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കണം. മരുന്നിനും യാത്രച്ചെലവിനുമായി 1000 രൂപ വരെ ചെലവഴിക്കാം.

അടിയന്തിരസാഹചര്യങ്ങള്‍ നേരിടുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ കേന്ദ്രങ്ങളില്‍ 20,000 രൂപ കരുതല്‍ നിക്ഷേപമായി ഉണ്ടാവണം. കുട്ടികളുടെ ചികിത്സച്ചെലവ് കുടുംബങ്ങള്‍ക്ക് താങ്ങാനാകാതെ വന്നാല്‍ സ്വകാര്യ മരുന്നുകടകളില്‍ നിന്നും അടിയന്തിരമായി മരുന്നു വാങ്ങാന്‍ സൗകര്യം നല്‍കണം.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ക്ക് സ്വയംഭരണം ഉറപ്പു വരുത്താനും നിര്‍ദ്ദേശമുണ്ട്.

അമ്മയോ അച്ഛനോ മാത്രമുള്ള കുട്ടികള്‍, ഗാര്‍ഹികാതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുടുംബം, മദ്യപനോ മനോരോഗിയോ ആയ രക്ഷിതാവുള്ള കുടുംബം, ഭിന്നശേഷിയുള്ള കുട്ടികള്‍, സാമ്പത്തികവും അല്ലാത്തതുമായ പ്രയാസങ്ങള്‍ നേരിടുന്ന കുടുംബം, രക്ഷിതാക്കളില്‍ ആരെങ്കിലും പുനര്‍വിവാഹം ചെയ്ത കുടുംബങ്ങള്‍ എന്നിവയെ പ്രത്യേക റിസ്‌ക് വിഭാഗത്തില്‍ പെടുത്താനും ഇത്തരം കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികളുടെ രജിസ്റ്ററുകള്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലും പ്രിന്‍സിപ്പല്‍മാര്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisement