കൊച്ചി: ദുരാചാര ഗുണ്ട ആക്രമണങ്ങള്‍ കേരളത്തില്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം. ദുരാചാര ഗുണ്ടകള്‍ക്കെതിരെ ഇനിമുതല്‍ വധശ്രമത്തിനും രാജ്യദ്രോഹ കുറ്റത്തിനും പോലീസ് കേസെടുക്കും. ഇത്തരം സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസിന് അധികാരം നല്‍കി.

Ads By Google

പരാതിയില്ലെങ്കില്‍ പോലും ഇത്തരം സംഭവങ്ങളില്‍ പോലീസിന് സ്വമേധയാ കേസെടുക്കാം. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച്, ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമോ ഗുണ്ടാ ആക്ട് പ്രകാരമോ അറസ്റ്റുചെയ്യുകയുമാകാം. സാഹചര്യങ്ങള്‍ വിലയിരുത്തി, വ്യക്തിയുടെയോ സമൂഹത്തിന്റെയോ ന്യായമായ അവകാശങ്ങളെ ഹനിക്കാത്ത തരത്തിലാകണം നടപടിയെന്നും ഇത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.

ഇത്തരം കേസുകള്‍ വേഗത്തിലും കാര്യക്ഷമമായും അന്വേഷിച്ച് നടപടിയെടുക്കണം. കുറ്റകൃത്യങ്ങള്‍ക്കനുസരിച്ച് ക്രിമിനല്‍ നിയമപ്രകാരം വേണം കേസെടുക്കാന്‍. സദാചാരത്തിന്റെ മറവില്‍ അക്രമം, കൊലപാതകശ്രമം, കൊലപാതകം, പിടിച്ചുപറി, കവര്‍ച്ച, കൂട്ടക്കവര്‍ച്ച തുടങ്ങിയവയിലെന്തെങ്കിലും സംഭവിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം തന്നെ കേസെടുക്കണം. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം തകര്‍ത്ത് സ്പര്‍ധ വളര്‍ത്താവുന്ന കുറ്റമായി കണക്കാക്കി ഇത്തരം കുറ്റവാളികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാനും പോലീസിന് അധികാരം നല്‍കി. രാജ്യദ്രോഹക്കുറ്റത്തിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയാണ് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്നത്.

മതപരവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അക്രമങ്ങളെങ്കില്‍ ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും കേസെടുക്കാം. ഇത്തരം കേസുകളിലും ജാമ്യമില്ല. ആവശ്യമെങ്കില്‍ ഗുണ്ടാ ആക്ട് പ്രകാരവും കേസെടുക്കാം. ഇതിനും ജാമ്യം ലഭിക്കില്ല. ക്രിമിനല്‍ നിയമം നടപ്പാക്കുമ്പോള്‍ അതില്‍ വെള്ളം ചേര്‍ക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്നും ഉത്തരവ് ഓര്‍മിപ്പിക്കുന്നു.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലീസ് ഏറെ ജാഗ്രത പുലര്‍ത്തണമെന്നും ഉത്തരവ് ഓര്‍മ്മപ്പെടുത്തുന്നു. നിയമം നടപ്പാക്കുമ്പോള്‍ വേണ്ട വിവരങ്ങള്‍ നല്‍കി പൊതുസമൂഹത്തിന്റെ സഹകരണവും ഉറപ്പുവരുത്തണം. മറ്റ് ആശ്രയമില്ലാത്തപ്പോള്‍ സ്വയം പ്രതിരോധിക്കാനും കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ജനത്തിന് അവകാശമുണ്ടെന്ന് പോലീസ് മനസ്സിലാക്കിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാന പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കുറ്റകൃത്യങ്ങളെ സദാചാര പോലീസ് എന്ന് വിശേഷിപ്പിക്കരുതെന്നും തങ്ങള്‍ക്കിഷ്ടമുള്ള നിയമങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന പ്രവൃത്തി അഥവാ ഇന്‍ടിമിഡേറ്ററി കംപല്‍സീവ് കണ്‍ഫേമിറ്റി എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.സി.ഇ) എന്ന് വിശേഷിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഐ.സി.സി.ഇ എന്ന ചുരുക്കപ്പേരിലാവും ഇത് സംബന്ധിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക.