ട്രിപ്പോളി: സംഘര്‍ഷഭരിതമായ ലിബിയയിലെ വ്യോമനിരോധന മേഖലയുടെ നിയന്ത്രണം നാറ്റോ ഏറ്റെടുക്കുകയാണെന്ന് സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്‌സണ്‍ ഫോഗ് റാസ്മൂസന്‍ വാഷിംഗിടണില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലിബിയയില്‍ സഖ്യസേനയുടെ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് നിയന്ത്രണം ഏറ്റെടുക്കാന്‍ നാറ്റോ തീരുമാനച്ചത്.

തുര്‍ക്കി ഉള്‍പ്പടെയുള്ള എല്ലാ നാറ്റോ അംഗങ്ങളും പ്രഖ്യാപനത്തെ അംഗീകരിക്കുന്നതായും ഫോഗ് റാസ്മൂസന്‍ അറിയിച്ചു. അതേമസമയം മറ്റു സൈിക നടപടികളുടെ നിയന്ത്രണം സഖ്യസേനയ്ക്കായിരിക്കും. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ സഖ്യരാഷ്ട്രങ്ങള്‍ ലിബിയക്കുമേല്‍ നടത്തുന്ന ആക്രമണപരമ്പര ആറാമത്തെ ദിനവും തുടരുകയാണ്.

അതേസമയം കരസേനയെ ലക്ഷ്യമിട്ടുള്ള ആക്രമണം ഭാഗികമാക്കണോ എന്നതു സംബന്ധിച്ച് വ്യത്യസ്ത അഭപ്രായവും നിലനില്‍ക്കുന്നുണ്ട്.ഇതിനിടെ വ്യോമനിരോധനമേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നാറ്റോയുടെ തീരുമാനത്തെ യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ സ്വഗതം ചെയ്തു.കടല്‍വഴി ഗദ്ദാഫിക്ക് ആയുധങ്ങള്‍ എത്തുന്നതിനാല്‍ നാവിക ഉപരോധവും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാവിക നിരീക്ഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

എല്ലാ നടപടികളും അംബാസഡര്‍മാരുടെയും നാറ്റോ രാജ്യങ്ങളിലെ മന്ത്രിമാരുമടങ്ങുന്ന സമിതിയും നിരീക്ഷിക്കും. എന്നാല്‍ സമിതിയുടെ അധികാരപരിധി സംബന്ധിച്ച് വ്യക്തതയായിട്ടില്ല. കേണല്‍ ഗദ്ദാഫിയുടെ സേനയെ അതിജീവിച്ച് ബംഗാസിയിലെയും മറ്റും സാധാരണക്കാരെ സംരക്ഷിക്കാന്‍ യു എന്‍ സഖ്യസേന നടത്തുന്ന ആക്രമണങ്ങള്‍ ഫലവത്തായിക്കൊണ്ടിരിക്കുകയാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ ബി ബി സിയോട് പറഞ്ഞു.അതേസമയം വ്യോമനിരോധനമേഖല ലംഖിച്ച് പറന്നുയര്‍ന്ന ലിബിയയുടെ യുദ്ധവിമാനം ഫ്രാന്‍സ് വെടിവെച്ചിട്ടു.ലിബിയക്കെതിരായ യുദ്ധത്തില്‍ ഇതുവരെ അമേരിക്കയുടെ 350 യുദ്ധവിമാനങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് പെന്റഗണെ ഉദ്ധരിച്ച് യു എസ് വൈസ് അഡ്മിറല്‍ ഗോര്‍ട്ടിനി വെളിപ്പെടുത്തി.