എഡിറ്റര്‍
എഡിറ്റര്‍
ടി.പി ഫണ്ട് ശേഖരണം: നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി
എഡിറ്റര്‍
Monday 10th September 2012 11:16am

കോഴിക്കോട്: ടി. പി ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് ശേഖരണം നടത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. പി.എം ഗിരീഷ്,  സന്തോഷ് സെബാസ്റ്റ്യന്‍, എം. രജീഷ്, ബിജു എന്നിവര്‍ക്കെതിരെയാണ് നടപടി. എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മറ്റിയംഗമാണ് പി.എം. ഗിരീഷ്. പേരാമ്പ്ര മുന്‍ ഏരിയാ കമ്മറ്റിയംഗമാണ് എം. രജീഷ്. പേരാമ്പ്ര ഏരിയ കമ്മിറ്റിയാണ് നടപടിയെടുത്തിരിക്കുന്നത്.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം കോഴിക്കോട് അനുശോചനയോഗം സംഘടിപ്പിക്കുകയും ടി.പിയുടെ കുടുംബത്തെ സഹായിക്കാനായി ഫണ്ട് ശേഖരണം നടത്തുകയും ചെയ്തിരുന്നു. അനുശോചനയോഗത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. അനുശോചനയോഗം നടത്തിയത് അച്ചടക്കലംഘനമല്ല, എന്നാല്‍ ടി.പിയുടെ കുടുംബത്തിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ജില്ലാ കമ്മിറ്റി കണ്ടെത്തിയിരുന്നു.

Ads By Google

ഫണ്ട് ശേഖരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അതത് ഏരിയ കമ്മിറ്റികള്‍ക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി.

നേരത്തെ എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും സി.പി.ഐ.എം എടച്ചേരി ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.എസ് ബിമല്‍ ഉള്‍പ്പെടെ നാല് പേരെ സി.പി.ഐ.എം പുറത്താക്കിയിരുന്നു.

ടി.പിയുടെ വധത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം. പ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ അനുസ്മരണ കൂട്ടായ്മ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബിമലായിരുന്നു. ബിമലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തിലാണ് സാമ്പത്തിക സമാഹരണം നടന്നത്. അഞ്ച് ലക്ഷം രൂപയ്ക്കുവേണ്ടി നടത്തിയ സമാഹരണത്തില്‍ 18 ലക്ഷത്തോളം രൂപ പിരിഞ്ഞ് കിട്ടിയിരുന്നു. ടി.പി.യുടെ കട ബാധ്യതകള്‍ തീര്‍ത്ത് ബാക്കി തുക സമിതി  കുടുംബത്തിനു കൈമാറുകയും ചെയ്തിരുന്നു.

ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ ട്രഷററും സി.പി.ഐ.എം. കാരപ്പറമ്പ് ബ്രാഞ്ച് അംഗവുമായ കെ.പി. ചന്ദ്രന്‍, കുരുവട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് സലീം, കാരപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം സാദിഖ് ചേലാട്ട് എന്നിവരും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.

Advertisement