ആലപ്പുഴ: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹൗസ്‌ബോട്ടുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് തുറമുഖ വകുപ്പ് ഡയറക്ടര്‍ ജേക്കബ് ജോര്‍ജ്ജ്. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ഹൗസ്‌ബോട്ട് മറിഞ്ഞ് നാല് പേര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

Ads By Google

ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് വര്‍ഷം തോറും പരിശീലനം നല്‍കാനും സംസ്ഥാനത്തെ ബോട്ട് ജെട്ടികളുടെ എണ്ണം സംബന്ധിച്ച് കണക്കെടുപ്പ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം പുന്നമടക്കായലില്‍ ഹൗസ് ബോട്ട് മുങ്ങി തമിഴ്‌നാട് സ്വദേശികളായ 4 പേര്‍ മരിച്ചിരുന്നു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.

61 പേരാണ് സംഘത്തിലുണ്ടായിരുന്നത്. 57 പേരെയും രക്ഷപെടുത്തി. ചെന്നൈ സ്വദേശികളായ സുസ്മിത, രോഹിണി, സുകേശിനി, ഇലക്ട(അഞ്ച് വയസ്സ്) എന്നിവരാണ് മരിച്ചത്.

പുന്നമടക്കായലിലെ ചെറിയ ബോട്ടിലൂടെ കയറിയാണ് ഇവര്‍ക്ക് കായല്‍യാത്രയ്ക്കായി നിശ്ചയിച്ച ബോട്ടിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ കൂട്ടമായി പെട്ടെന്ന് ആളുകള്‍ ചെറിയ ബോട്ടിന് മേലേ കയറിയതോടെ ബോട്ട് തലകീഴായി മറിഞ്ഞാണ് ദുരന്തം  സംഭവിച്ചത്.

അതേസമയം അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അപകടമേഖലയാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ അറിയിച്ചു. ആതിര എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.