തിരുവനന്തപുരം: അനധികൃതമായി അവധിയെടുത്ത 225 സര്‍ക്കാര്‍ ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കി. 159 പേരെ കൂടി ഉടന്‍ നീക്കം ചെയ്യും. 1993 മുതല്‍ വര്‍ഷങ്ങളായി അനധികൃതമായി അവധിയെടുത്ത് ജോലിയില്‍ പ്രവേശിക്കാതിരുന്നവരെയാണ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്.

സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടായത്. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് 200 ഡോക്ടര്‍മാരെ നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ 25 പേര്‍കൂടി പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആശുപത്രിയില്‍വരെ സേവനമനുഷ്ഠിച്ചശേഷം അനധികൃത അവധിയെടുത്ത ഡോക്ടര്‍മാരെയാണ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്.

അവധിയിയെടുത്ത ഡോക്ടര്‍മാര്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ച് നേട്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. ചിലര്‍ വിദേശത്തുമാണ്. പെന്‍ഷനാകുന്നതിന് തൊട്ട് മുമ്പ് സര്‍വ്വീസില്‍ തിരിച്ചു കയറി ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണ് ഇവരുടെ രീതി.