എഡിറ്റര്‍
എഡിറ്റര്‍
കൊയിലാണ്ടി: ബാലകൃഷ്ണനെതിരെയുള്ള നടപടി സംഘടനാപരമെന്ന് സി.പി.ഐ.എം
എഡിറ്റര്‍
Sunday 5th January 2014 3:10pm

c.p.i.m

കോഴിക്കോട്: കൊയിലാണ്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് വിശദീകരണവുമായി സി.പി.ഐ.എം രംഗത്തെത്തി. കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെതിരായുള്ള നടപടി സംഘടനാപരമാണെന്ന് ##സി.പി.ഐ.എം.

ബാലകൃഷ്ണനെതിരെയുള്ളത് ഗൗരവപരമായ അച്ചടക്ക ലംഘനമാണ്, തിരുത്താനുള്ള അവസരമാണ് പാര്‍ട്ടി നല്‍കിയത്. പരാതിയുണ്ടെങ്കില്‍ ബാലകൃഷ്ണന് മേല്‍ക്കമ്മിറ്റിയെ സമീപിക്കാമെന്നും സി.പി.ഐ.എം അറിയിച്ചു.

അതേസമയം കൊയിലാണ്ടി നഗരസഭ അധ്യക്ഷയായി ശാന്ത തുടരണമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. അനുനയ ശ്രമത്തിന്റെ ഭാഗമായി ശാന്ത ന്‍കിയ രാജിക്കത്ത് ജില്ലാ നേതൃത്വം സ്വീകരിച്ചിട്ടില്ല.

രാജിയില്‍ നിന്ന് മറ്റ് കൗണ്‍സിലര്‍മാരെ പിന്തിരിപ്പിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹരീന്ദ്രനും ഇന്ന് ജില്ലാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയിരുന്നു.

ഇതിനിടയില്‍ രാജിവച്ച എന്‍.വി ബാലകൃഷ്ണനുമായി ആര്‍.എം.പി നേതൃത്വം ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആര്‍.എം.പിയോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നഭ്യര്‍ത്ഥിച്ചായിരുന്നു കൂടിക്കാഴ്ച്ച.

പാര്‍ട്ടിക്കെതിരെ ലേഖനങ്ങളെഴുതി എന്നാരോപിച്ചാണ് ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫോര്‍ പിഎം, ഡെയ്‌ലി ട്രൈബ്യൂണ്‍ എന്നീ പത്രങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫു കൂടിയായ ബാലകൃഷ്ണന്‍ ഫോര്‍ പിഎമ്മില്‍ എല്‍.ഡി.എഫിന്റെ സോളാര്‍ സമരം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെ ആസ്പദമാക്കി ലേഖനമെഴുതുകയും പലപ്പോഴായി നൂറിലധികം തവണ പാര്‍ട്ടിക്കെതിരായി എഴുതുകയും ചെയ്തു എന്നാണ് പാര്‍ട്ടിയുടെ ആരോപണം.

ഫോര്‍ പിഎം ന്യൂസില്‍ വന്ന ‘കാറ്റു പോയ തുമ്പപ്പൂ വിപ്ലവം’ എന്ന ലേഖനം താന്‍ എഴുതിയതല്ലെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലേഖനം എഴുതിയത് ദേവദാസ് ചെറുകാട് എന്നയാളാണെന്ന് പത്രവും വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം തീരുമാനിക്കുകയായിരുന്നു. ഏരിയാ കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിലുറച്ചു നിന്നിട്ടും ജില്ലാ നേതൃത്വം നടപടി സസ്‌പെന്‍ഷനിലൊതുക്കുകയായിരുന്നു.

മുണ്ടൂരും ഒഞ്ചിയവും പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണവും കഞ്ഞിക്കുഴിയിലെ വിമത സ്വരം തീര്‍ത്ത കളങ്കവുമെല്ലാം മാഞ്ഞു പോകും മുമ്പാണ് പാര്‍ട്ടി നേതൃത്വത്തിന് ഇത്തരമൊരു തിരിച്ചടി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കൊയിലാണ്ടിയില്‍ നിന്നു തന്നെ ലഭിക്കുന്നത്.

Advertisement