P K Abdurabb

മലപ്പുറം: വിദ്യാഭ്യാസമന്ത്രി പി. കെ അബ്ദുറബ്ബിന്റെ പി.എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെമ്മാട് ബ്ലോക്ക് റോഡില്‍ കണ്ടാണത്ത് ശുഹൈബിനെയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച മുന്നിയൂര്‍ വെട്ടിയാട്ടില്‍ സാദിഖിനെയുമാണ് അറസ്റ്റ് ചെയ്തത്.

നവംബര്‍ 9-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിലെത്തിയ ചിലരെ കോഴിക്കോട് നാലാം ഗേറ്റിന് സമീപമുള്ള മറീന ലോഡ്ജില്‍ എത്തിച്ചു. മന്ത്രിയുടെ പി.എ എന്ന് പരിചയപ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി.  കാറിലെത്തിയവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്നും  ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ എംബ്ലമുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മന്ത്രിയുടെ ഓഫീസുമായി ലോഡ്ജുടമകള്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കാര്‍ഡിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഉണ്ടായില്ല.

തുടര്‍ന്ന് ലോഡ്ജ് ഉടമകള്‍ കോഴിക്കോട്ടെ ലീഗ് ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് യഥാര്‍ത്ഥ പി.എയുടെ നമ്പര്‍ ലഭിച്ചതോടെയാണ് ശുഹൈബ് പി.എ അല്ലെന്നും തട്ടിപ്പാണെന്നും തെളിഞ്ഞത്.

തുടര്‍ന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വി.പി അബ്ദുള്‍ റസാഖിന്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്.

ഇവര്‍ മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.