ന്യൂദല്‍ഹി: നോട്ടുനിരോധന ദിനമായ നവംബര്‍ 8ന് കള്ളപ്പണ വിരുദ്ധദിനം ആചരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ദനുമായ മന്‍മോഹന്‍ സിംഗ് രംഗത്ത്.നോട്ടു നിരോധനം ഇനിയെങ്കിലും മണ്ടന്‍ തീരുമാനമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കണമെന്നും നോട്ടുനിരോധനം മുന്‍ നിര്‍ത്തി നടക്കുന്ന രാഷ്ട്രീയ കളികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ കളികള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്, നോട്ടുനിരോധനം മണ്ടന്‍ തീരുമാനമാണെന്ന് സമ്മതിച്ച് സാമ്പത്തിക രംഗം ശരിയാക്കാന്‍ മറ്റുള്ളവരുടെ സഹായം തേടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യേണ്ടത് അദ്ദേഹം പറഞ്ഞു.


Also Read സ്ത്രീകളുടെ മാനത്തിന് വിലപറയുന്ന മാഫിയകളെ വളര്‍ത്താന്‍ മാത്രമേ ഹിമാചലില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുള്ളുവെന്ന് യോഗി ആദിത്യനാഥ്


നോട്ടുനിരോധനത്തെ തുടക്കം മുതല്‍ തന്നെ എതിര്‍ക്കുന്നയാളാണ് മന്‍മോഹന്‍ സിംഗ്. നോട്ട് നിരോധനം രാജ്യത്ത് നടന്നത് സംഘടിതമായ കൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അക്കൗണ്ടിലെ പണം പിന്‍വലിക്കാനാകാത്ത സ്ഥിതി മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ വീഴ്ചയാണ്. നോട്ടുനിരോധനത്തിന്റെ പരിണിതഫലം മോദിക്ക് പോലും അറിയില്ലെന്നും സിംഗ് പറഞ്ഞിരുന്നു.

രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിംഗ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നത്.