എഡിറ്റര്‍
എഡിറ്റര്‍
64ന് സമാനമായ സാഹചര്യം; വിജയന്റെതല്ല പാര്‍ട്ടിയുടെ അന്തിമ തീരുമാനം; വി.എസ്.അച്യുതാനന്ദന്‍
എഡിറ്റര്‍
Saturday 12th May 2012 1:01pm

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവും സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗവുമായ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. 1964ലെ സി.പി.ഐ.യിലെ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ഒഞ്ചിയത്തേതെന്ന് ചരിത്ര സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

64ല്‍ സി.പി.ഐ.എമ്മില്‍ ഡാങ്കെയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരെ ശബ്ദമുയര്‍ത്തിയാണ് താനുള്‍പ്പെടെയുള്ളവര്‍ പുറത്തുവന്നത്. അന്ന് ഡാങ്കെ തങ്ങളെ വിളിച്ചത് വര്‍ഗവഞ്ചകരെന്നാണ്. പിന്നീട് അതേ ഡാങ്കെയെ സി.പി.ഐ പുറത്താക്കുകയാണുണ്ടായതെന്നും വി.എസ് പറഞ്ഞു.

ഡാങ്കെ സ്വീകരിച്ച അതേ രീതിയിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരോക്ഷമായി വി.എസ് സൂചിപ്പിച്ചു. ഡാങ്കെയുടെ ഗതി പിണറായിയ്ക്ക് വരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സംഘടനാ രീതിയുണ്ട്. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനങ്ങളെടുക്കുന്നത്. ലീഗിന്റെയോ കോണ്‍ഗ്രസിന്റെയോ പോലെ ഏകാധിപത്യ തീരുമാനമല്ല സി.പി.ഐ.എമ്മിന്റെ രീതി. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് അവസാന വാക്ക് എന്ന രീതിയിപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്നവരെ പുറത്താക്കുകയല്ല വേണ്ടത്. ഈ അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഈ പ്രസ്താവനകള്‍ അച്ചടക്ക ലംഘനത്തിന് കാരണമാവില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അച്ചടക്കം ലംഘനം വരുമ്പോള്‍ അപ്പോള്‍ നോക്കാം എന്നായിരുന്നു വി.എസിന്റെ മറുപടി. വി.എസ് പാര്‍ട്ടിക്ക് പുറത്തുവരണമെന്ന മഹേശ്വതാദേവിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയുന്നവരുണ്ട് എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ പാര്‍ട്ടികക്കത്ത് നിന്ന് പാര്‍ട്ടിയെ തിരുത്തുകയാണ് ആവശ്യമെന്നും പറയുന്നവരുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.

വി.എസ് പറഞ്ഞത്

ഏറാമല പഞ്ചായത്തിലുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചതാണ് ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയില്‍ നിന്ന് പുറത്താകാന്‍ കാരണം. അന്ന് പാര്‍ട്ടി നേതൃത്വം അവരെ കുലംകുത്തികളെന്ന് വിളിക്കുകയും അവര്‍ പുറത്ത് തന്നെയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുകഴിഞ്ഞ് മെയ് 4ന് ചന്ദ്രശേഖരനെ ശത്രുക്കള്‍ വളഞ്ഞ് പിടിച്ച് ബോംബെറിഞ്ഞ് അതിനുശേഷം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തി. പൈശാചികമായ ആ സംഭവം നടന്ന ദിസവും കുലംകുത്തികള്‍ പുറത്തുതന്നെ എന്ന നിലയില്‍ സഖാവ് വിജയന്റേതായി പ്രസ്താവന വന്നു. അന്നു പത്രപ്രതിനിധികള്‍ ഇങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് സഖാവിന്റെ അഭിപ്രായമെന്താണെന്ന്  ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞു. വിജയന്‍ പറഞ്ഞത് വിജയന്റെ അഭിപ്രായമാണ്. പാര്‍ട്ടി ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു.

തുടര്‍ന്നാണ് വി.വി ദക്ഷിണാമൂര്‍ത്തിയുടെ അഭിപ്രായം കഴിഞ്ഞദിവസം കണ്ടത്. ദക്ഷിണാമൂര്‍ത്തി  വിജയനെ ന്യായീകരിച്ചും എന്നെ എതിര്‍ക്കുകൊണ്ടും നടത്തിയ പ്രസ്താവന മറ്റുപാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായ സി.പി.ഐ.എമ്മിന്

നയപരമായ കാര്യങ്ങള്‍ കൈക്കൊള്ളുന്നതിന് സി.പി.ഐ.എമ്മിന് ഒരു സംഘടനാ രീതിയുണ്ട്. മുസ് ലീം ലീഗിനെപ്പോലെ തങ്ങളോ, കോണ്‍ഗ്രസിനെപ്പോലെ ഹൈക്കമാന്റോ അല്ലോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നയപരമായ കാര്യങ്ങള്‍ അവശ്യമായി ചര്‍ച്ച ചെയ്ത് അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് ശരിയെന്ന ധാരണ ദക്ഷിണാമൂര്‍ത്തിക്കുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.

ഒഞ്ചിയത്തെ സഖാക്കള്‍ കുലംകുത്തികളല്ല. അവര്‍ ധീര സഖാക്കളാണ്. അവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തശേഷം അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. 1964ന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഒഞ്ചിയത്തുണ്ടായിരിക്കുന്നത്. ഒരു സെറ്റ് സഖാക്കള്‍ അവരുടെ വ്യത്യസ്താഭിപ്രായം പറഞ്ഞപ്പോള്‍ അവരുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നില്ല. അവരെ അപഹസിക്കുന്ന രീതിയിലുള്ള സമീപനമാണുണ്ടായത്.

1964ല്‍ സി.പി.ഐയില്‍ നിന്നിറങ്ങി സി.പി.ഐ(എം) രൂപീകരിക്കേണ്ടി വന്ന സമാനമായ സാഹചര്യമാണിതെന്ന പരോക്ഷ സൂചനയും വി.എസ് നല്‍കി. പാര്‍ട്ടിയിലെ റിവിഷനിസ്റ്റ് ചിന്താഗതികള്‍ക്കെതിരെ പ്രതിഷേധിച്ചവരെ എസ്.എ.ഡാങ്കെ വര്‍ഗവഞ്ചകരെന്ന് വിളിച്ച് ആക്ഷേപിച്ചു.  അങ്ങനെ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് താനുള്‍പ്പെടുന്ന 32 പേര്‍ പുറത്തുപോയി സുന്ദരയ്യ അദ്ധ്യക്ഷനായി സി.പി.ഐ.എമ്മും പോളിറ്റ്ബ്യൂറോയും രൂപീകരിച്ചു. പിന്നീട് ഡാങ്കെയെ സി.പി.ഐ തന്നെ പുറത്താക്കുന്ന സ്ഥിതിവിശേഷവും വന്നുവെന്നും വി.എസ് ചൂണ്ടിക്കാട്ടി. വര്‍ഗവഞ്ചകര്‍  എന്ന് വിളിച്ച പാര്‍ട്ടിക്ക് പിന്നില്‍ പിന്നീട് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നതും വി.എസ് ഉദാഹരിച്ചു.
പിന്നീട് അതേ ഡാങ്കെയെ സി.പി.ഐ പുറത്താക്കുകയാണുണ്ടായത്. സി.പി.ഐ.എമ്മില്‍ നിന്നും പുറത്തുപോയ റവല്യൂഷണി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ചന്ദ്രശേഖരനും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്.

പാര്‍ട്ടിയുടെ ശരിയായ നയത്തിനുവേണ്ടിയിട്ട് തെറ്റുകള്‍ക്കെതിരായി ശരിയായ പോരാട്ടം നടത്തിയതിന്റെ ഫലമായി പിന്നിട്ട് ഈ കാലയളവിനിടയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയാണ് ആ 32 പേരിറങ്ങിപ്പോന്നവരുടെ ശരിയായ നയത്തിനുവേണ്ടിയിട്ടുള്ള പോരാട്ടമാണ്. ഇന്ന് പാര്‍ട്ടിക്ക് പത്ത് ലക്ഷത്തോളം അംഗങ്ങളാണുണ്ടായിരിക്കുന്നത്. തെറ്റായ നയസമീപനങ്ങളെ സംബന്ധിച്ച് സഹപ്രവര്‍ത്തകരും മറ്റും അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അവരെ ഉടനെ തന്നെ വര്‍ഗ്ഗവഞ്ചകാരെന്ന് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ല വേണ്ടിയിരുന്നത്. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് എന്തെല്ലാം അഭിപ്രായങ്ങളാണ് അവര് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യംവേണ്ട തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള ബാധ്യതയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടി തെറ്റായ സമീപനം തിരുത്തും.

പാര്‍ട്ടിയുടെ പോക്കില്‍ ദു:ഖമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടിയെ തിരുത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisement