എഡിറ്റര്‍
എഡിറ്റര്‍
കുലംകുത്തിയെന്നത് പിണറായിയുടെ അഭിപ്രായം; പാര്‍ട്ടിയുടേതല്ല: വി.എസ്
എഡിറ്റര്‍
Wednesday 9th May 2012 10:28am

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിണറായി വിജയന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ടി.പി ചന്ദ്രശേഖരനും കൂടെയുള്ളവരും കുലംകുത്തികളാണെന്ന പിണറായിയുടെ അഭിപ്രായത്തെ എതിര്‍ത്താണ് വി.എസ് രംഗത്തെത്തിയിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ കുലംകുത്തിയെന്നത് പിണറായി വിജയന്റെ അഭിപ്രായം മാത്രമാണ്. തനിക്ക് ഈ അഭിപ്രായമില്ലെന്നും വി.എസ് വ്യക്തമാക്കി.

ചന്ദ്രശേഖരന്‍കുലംകുത്തിയെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. ഭിന്നാഭിപ്രായത്തെ തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്. ഈ ഭിന്നാഭിപ്രായം പരിഹരിക്കാനായി ക്രിയാത്മകമായി നടപടികളെടുക്കുന്ന മുറയ്ക്ക് പതിയെ പതിയെ അവരെ തിരികെ കൊണ്ടുവരികയാണ് വേണ്ടത്. അല്ലെങ്കില്‍ അവര്‍ എം.വി രാഘവനെയും ഗൗരിയമ്മയെയും പോലെ അവരുണ്ടാക്കിയ പാര്‍ട്ടിയില്‍ തുടരട്ടെയെന്നും വി.എസ് വ്യക്തമാക്കി.

അധോലോക സംസ്‌കാരം മാര്‍ക്‌സിസ്റ്റ് രീതിയല്ലെന്നും സ്‌നേഹപൂര്‍വ്വം ആശയങ്ങള്‍ പഠിപ്പിച്ച് ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു. ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്തി മുഖ്യഘടകകക്ഷിയായ സി.പി.ഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രസ്താവനയെ ശരിവെച്ചുകൊണ്ടാണ് വി.എസ് ഇങ്ങനെ പറഞ്ഞത്. ബോംബും വടിവാളും കൊണ്ട് ആക്രമിക്കുന്നത് മാര്‍ക്‌സിസ്റ്റ് രീതിയല്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.

സി.പി.ഐ.എമ്മില്‍ നിന്നും പുറത്ത് പോയി റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന പേരില്‍ ചന്ദ്രശേഖരനും കൂട്ടരും പുതിയ പാര്‍ട്ടി രൂപീകരിച്ച കാലത്ത് പിണറായി ഇവരെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

‘ കുലംകുത്തികള്‍ എല്ലാകാലത്തും കുലംകുത്തികള്‍ തന്നെയായിരിക്കും. ആ നിലപാടില്‍ മാറ്റമില്ല’ ഇതായിരുന്നു കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞത്. കൂടാതെ കുടുംബത്തില്‍ നിന്നും പുറത്തുപോയ ഒരാള്‍ കുടുംബത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ അവരെ കുലംകുത്തികളെന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടതെന്നും പിണറായി വിശദീകരിച്ചിരുന്നു.

ഒഞ്ചിയത്തെ സി.പി.ഐ.എം വിമതരെ അനുകൂലിച്ചുള്ള നിലപാടാണ് നേരത്തെയും വി.എസ് സ്വീകരിച്ചിട്ടുള്ളത്. കുടുംബത്തില്‍ നിന്നും പിണങ്ങിപ്പോയവര്‍ പെറ്റമ്മ വിളിക്കുമ്പോള്‍ തിരികെ വരാറുണ്ടെന്ന് നേരത്തെ ഒഞ്ചിയത്ത് നടത്തിയ ഒരു പ്രസംഗത്തില്‍ വി.എസ് സൂചിപ്പിച്ചിരുന്നു. കൂടാതെ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം വി.എസ് നടത്തിയ പ്രസ്താവനയില്‍ ധീരനായ കമ്മ്യൂണിസ്റ്റ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇതിനു പുറമേ അന്നേദിവസം മറ്റെല്ലാ പരിപാടികളും ഉപേക്ഷിച്ച് വി.എസ് കോഴിക്കോട് ടൗണ്‍ഹാളില്‍ ചന്ദ്രശേഖരന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Advertisement