തിരുവനന്തപുരം:  പാമോയില്‍ കേസ് അട്ടിമറിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ടി.എച്ച് മുസ്തഫ നല്‍കിയ മൊഴിയില്‍ വ്യക്തമാണ്. ഇത്രയും രേഖകള്‍ പകല്‍വെളിച്ചം പോലെ ഉണ്ടായിട്ടും ഒരു പച്ചക്കളളം കോടതിയില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് സെക്രട്ടറി എങ്ങനെ തയ്യാറായെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചമച്ച തിരക്കഥയുടെ പകര്‍പ്പാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും വി.എസ് വ്യക്തമാക്കി. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെയും നേരത്തെയുള്ള കുറ്റപത്രത്തിലെയും പൊരുത്തക്കേടുകള്‍ അക്കമിട്ട് നിരത്തിയ വാര്‍ത്താക്കുറിപ്പുമായിട്ടാണ് വി.എസ് വന്നത്. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

പാമോയില്‍ കേസില്‍ വേണ്ടിവന്നാല്‍ വിചാരണക്കോടതിയില്‍ വരെ കക്ഷിചേര്‍ന്ന് അഴിമതിയിടപാടിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരും.ഇതിനുള്ള സാധ്യതകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ രാജിയിലൂടെ കേസ് തേയ്ച്ചുമായ്ച്ച് കളയാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നതെങ്കില്‍ അത് പകല്‍കിനാവ് മാത്രമാണെന്നും വി.എസ് പറഞ്ഞു. കേസില്‍ സുപ്രീംകോടതി വിധി പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.

പാമോയില്‍ കേസിലെ കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമായി ബോധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘ പാമോയില്‍ കേസില്‍ അന്ന് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് ഞാനാണ്. പാമോയില്‍ ആരോപണം നിയമസഭയില്‍ വന്നപ്പോള്‍ ആദ്യത്തെ മൂന്നുമാസം അതിനെ കുറിച്ച് പ്രതികരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. പാമോയില്‍ കേസില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കുകയല്ല മറിച്ച് ആ കേസ് തന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്.

പാമോയില്‍ കേസില്‍ ക്യാബിനറ്റ് നോട്ട് അനുസരിച്ചാണ് തീരുമാനമെടുത്തതെന്നാണ് പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാമോയില്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ആയിരുന്ന പി.എ അഹമ്മദ്  രാജിവെച്ചത് ഉമ്മന്‍ ചാണ്ടിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ്. പാമോയില്‍ കേസിലെ അന്വേഷണ സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മുസ്തഫയുമായി കൂടിയാലോചിക്കാതെയാണ്. അതില്‍ നിന്നും തന്നെ ഇതിനു പിന്നിലെ ഉള്ളുകളികള്‍ മനസ്സിലാക്കാം.’ -വി.എസ് വ്യക്തമാക്കി.

Malayalam News

Kerala News In English