എഡിറ്റര്‍
എഡിറ്റര്‍
കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ഇനി വേറെ ആളെ നോക്കേണ്ട!; കേരളത്തില്‍ മഴ പെയ്തത് ‘വൃഷ്ടിയജ്ഞം’ നടത്തിയതിനാലെന്ന അവകാശവാദവുമായി ആചാര്യ എം.ആര്‍ രാജേഷ്
എഡിറ്റര്‍
Tuesday 7th March 2017 7:12pm

 

കോഴിക്കോട്: കടുത്ത ചൂടിന് ആശ്വാസമായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത മഴയ്ക്ക് കാരണം തങ്ങള്‍ നടത്തിയ ‘വൃഷ്ടിയാഗ’മാണെന്ന അവകാശവാദവുമായി ആചാര്യ എം.ആര്‍ രാജേഷ്. കഴിഞ്ഞ 11 ദിവസങ്ങളായി തുടര്‍ച്ചയായി തങ്ങള്‍ ചെയ്തുപോന്ന വൈദികമായ വൃഷ്ടിയജ്ഞം മഴമേഘങ്ങളെ ആവാഹിച്ചു കൊണ്ടുവന്നതാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് എം.ആര്‍ രാജേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിരവധി പേരാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്.


Also read ‘ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു’; വിനായകനും മണികണ്ഠനും അഭിനന്ദനങ്ങളുമായി ദുല്‍ഖര്‍


എന്നാല്‍ ഇതൊരു അത്ഭുത പ്രവൃത്തി അല്ലെന്നും പ്രാചീനകാലത്തെ ശാസ്ത്രവിധി പ്രകാരമുള്ള ‘മഴയുണ്ടാക്കല്‍ യജ്ഞ’മാണെന്നും അദ്ദേഹം പറയുന്നു. യജ്ഞം വളരെ ശാസ്ത്രീയമായാണ് ചെയ്തതെന്നാണ് എം.ആര്‍ രാജേഷ് പറയുന്നത്. യജ്ഞം ചെയ്യുന്നതിന് മുന്‍പ് അന്തരീക്ഷത്തിലെ ഊഷ്മാവ്, കാറ്റിന്റെ ഗതി, ജലസാന്ദ്രത എന്നിവ കണക്കാക്കി ഇതിന്റെ തോത് അനുസരിച്ചാണ് യജ്ഞത്തില്‍വേണ്ട ആഹുതി നിജപ്പെടുത്തിയതത്രെ.

വൃഷ്ടിയജ്ഞം നടത്തുന്നതിന്റേയും മഴ പെയ്യുന്നതിന്റേയും ചിത്രങ്ങള്‍ക്കൊപ്പം ദക്ഷണേന്ത്യയ്ക്ക് മുകളിലെ മേഘങ്ങളുടെ ഉപഗ്രഹ ചിത്രവും സഹിതമാണ് എം.ആര്‍ രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. 2006 വരെ കഴിഞ്ഞ 35 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വൃഷ്ടി യജ്ഞങ്ങളുടെ വിവരങ്ങള്‍ കമന്റായി നല്‍കിയിട്ടുമുണ്ട് ഇദ്ദേഹം. ഇതില്‍ ഏറ്റവും അധികം യജ്ഞങ്ങള്‍ക്ക് നേതൃത്വം കൊടുത്ത രാം നരെയ്ന്‍ ആര്യ, അമിതമായി മഴ പെയ്യുന്നിടങ്ങളില്‍ മഴ നിര്‍ത്താനുള്ള യജ്ഞങ്ങളും നടത്തിയിട്ടുണ്ടത്രെ. ക്ലൗഡ് സീഡിംഗ് ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും മഴ നിര്‍ത്താനുള്ള സാങ്കേതിക വിദ്യ ആധുനിക ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനവും ഇദ്ദേഹം ഉന്നയിച്ചു.

ബീജിംഗ് ഒളിംപിക്‌സിന് തടസം വരാതിരിക്കാന്‍ പെയ്യാനിരുന്ന മഴയെ 1,100 റോക്കറ്റുകള്‍ ആകാശത്തേക്ക് വിക്ഷേപിച്ച് വഴി മാറ്റിവിട്ട ചൈനയുടെ ചരിത്രം മുന്നിലുള്ളപ്പോഴാണ് എം.ആര്‍ രാജേഷിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. അതിന്റെ ചുമതല ഇനി ഇദ്ദേഹത്തെ ഏല്‍പ്പിച്ചാല്‍ മതിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസരൂപത്തില്‍ പലരും പറയുന്നത്.


ആചാര്യ എം.ആര്‍ രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ഒടുവില്‍ പെയ്തിറങ്ങി! വരുണദേവന്‍ വിളികേട്ടു!
ഞങ്ങള്‍ കഴിഞ്ഞ 11 ദിവസങ്ങളായി തുടര്‍ച്ചയായി ചെയ്തുപോന്ന വൈദികമായ വൃഷ്ടിയജ്ഞം മഴമേഘങ്ങളെ ആവാഹിച്ചു കൊണ്ടുവന്നു. എന്താണ് ഇതിലെ ശാസ്ത്രമെന്നല്ലേ!
ഫിബ്രവരി 21 ചൊവ്വാഴ്ച മുതലാണ് വൈദികമായ വൃഷ്ടിയജ്ഞം ഞങ്ങളാരംഭിച്ചത്. മാര്‍ച്ച് 4ന് ശനിയാഴ്ചയോടെ മഴയുമെത്തി. അദ്ഭുതകരമായ ഒരു പ്രവൃത്തി അല്ലിത്. മറിച്ച് പ്രാചീന കാലത്തെ ശാസ്ത്രവിധിപ്രകാരമുള്ള മഴയുണ്ടാക്കല്‍ യജ്ഞമാണ്. യജ്ഞം ചെയ്യുന്നതിന് മുന്‍പ് അന്തരീക്ഷത്തിലെ ഊഷ്മാവ്, കാറ്റിന്റെ ഗതി. ജലസാന്ദ്രത എന്നിവ കണക്കാക്കി. ഇതിന്റെ തോത് അനുസരിച്ചാണ് യജ്ഞത്തില്‍വേണ്ട ആഹുതി നിജപ്പെടുത്തുന്നത്. പ്രധാനമായും രണ്ടുതരം ആഹുതികളാണ് വൃഷ്ടിയജ്ഞത്തില്‍ ചെയ്യേണ്ടത്. സോമീയ ആഹുതികളും വാരുണീ ആഹുതികളും.
വരണ്ടതും ചൂടുള്ളതുമായ കാലവസ്ഥയാണ് ഉള്ളതെങ്കില്‍ വായുവിലോഡനമാണ് ആദ്യം ചെയ്യേണ്ടതെന്ന് ഋഷിമാര്‍ പറയുന്നു. അതിന് ചെയ്യേണ്ടത് വാരുണീ ആഹുതികളാണ്. വാരുണീ ആഹുതികള്‍ വായുവിനെ കൂടുതല്‍ ചൂടുള്ളതാക്കും. അപ്പോള്‍ ഭൂമിയിലെയും കടലിലെയും ബാഷ്പീകരണ തോത് വര്‍ദ്ധിക്കും. അത് അന്തരീക്ഷത്തിലെ ജലസാന്ദ്രത വര്‍ധിപ്പിക്കും. ചൂടുകൂടിയ വായു മുകളിലേക്കുയരുകയും ആകാശത്തില്‍ ഘനീഭവിക്കുകയും ചെയ്യും. മേഘങ്ങള്‍ പതുക്കെ കണ്ടുതുടങ്ങും. ഞങ്ങള്‍ യജ്ഞം ചെയ്തപ്പോഴും ഇതു സംഭവിച്ചു. പക്ഷേ മഴ പെയ്യാന്‍ മാത്രമുള്ള അവസ്ഥ അപ്പോള്‍ രൂപപ്പെട്ടിട്ടുണ്ടാവില്ല.
ഈ ഘട്ടത്തില്‍ സോമീയ ആഹുതികളാണ് അര്‍പ്പിക്കേണ്ടതെന്ന് ഋഷിമാര്‍ പറയുന്നു. തുടര്‍ന്ന് പ്രാചീന ശാസ്ത്രങ്ങളില്‍ പറയുന്ന സോമീയ ആഹുതികള്‍ എന്തെന്ന് കണ്ടെത്തി. ചെറു ചെറു ജലകണങ്ങളെ പ്രാചീന ഭാരതീയ ശാസ്ത്രത്തില്‍ ‘ശ്രദ്ധ’ എന്നാണ് വിളിക്കുന്നത്. ഇവയെ കൂട്ടിയോജിപ്പിക്കുന്നതിനാണ് സോമീയ ആഹുതികള്‍ യജ്ഞകുണ്ഡത്തില്‍ ഹോമിക്കുന്നത്. ഹോമധൂമങ്ങള്‍ അന്തരീക്ഷത്തില്‍ പരക്കുന്നതോടെ കൂടുതല്‍ മഴമേഘങ്ങള്‍ ജനിക്കാനുള്ള മേഘ സാന്ദ്രീകരണ കേന്ദ്രങ്ങളായി (cloud condensation nuclei) യജ്ഞത്തിലര്‍പ്പിക്കുന്ന ആഹുതികള്‍ പരിണമിക്കുന്നു. അതുതന്നെ ഇവിടെയും സംഭവിച്ചു. ആദ്യ ഏഴു ദിവസങ്ങള്‍ ഒരു നേരമേ വൃഷ്ടിയജ്ഞം അനുഷ്ഠിച്ചുള്ളൂ. തുടര്‍ന്ന് സോമീയ ആഹുതികള്‍ കൂടുതല്‍ ചെയ്തുകൊണ്ട് വൈകുന്നേരവും യജ്ഞം ആരംഭിച്ചു. അതോടെ കാറ്റിന്റെ ഗതി വടക്കുനിന്ന് തെക്കോട്ട് വ്യാപിച്ചതായി ശ്രദ്ധയില്‍പെട്ടു. കേരളത്തിലൊന്നാകെ വൃഷ്ടിയജ്ഞത്തിന്റെ ഫലവും കണ്ടുതുടങ്ങി. ഗായത്രി, ത്രിഷ്ടുപ്, ജഗതീ ഛന്ദസ്സുകളിലെ വിശേഷ മന്ത്രങ്ങള്‍ അന്തരീക്ഷത്തിലെ ചലനങ്ങള്‍ക്ക് ഋതം നല്‍കിയിരിക്കാം! ഈശ്വരനുമത് ആവട്ടെ എന്ന് അനുഗ്രഹിച്ചിരിക്കാം. അങ്ങനെ ‘നികാമേ നികാമേ നഃ പര്‍ജന്യോ വര്‍ഷതു’ ‘ആഗ്രഹിക്കുമ്പോള്‍ ആഗ്രഹിക്കുമ്പോള്‍ മഴ പെയ്യുമാറാകട്ടെ’ എന്ന യജുര്‍വേദ പ്രാര്‍ഥന സഫലമായിരിക്കുന്നു. യോഗക്ഷേമം പുലരട്ടെ നിത്യം ! യോഗക്ഷേമോ നഃ കല്പതാമ് !

Advertisement