എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. മോഹനന് എം.എല്‍.എയായ ഭാര്യയെ കാണാന്‍ റസ്റ്ററന്റില്‍ സൗകര്യം
എഡിറ്റര്‍
Thursday 7th November 2013 2:34pm

p.mohanan

കോഴിക്കോട്: ടി.പി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ് പി. മോഹനന് ഭാര്യയും എം.എല്‍.എയുമായ കെ. കെ ലതികയെ റസ്റ്ററന്റില്‍  വെച്ച് കാണാന്‍ പൊലീസ് സൗകര്യമൊരുക്കി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാനായാണ് പൊലീസ് പി. മോഹനനെ ജയിലില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത്. എന്നാല്‍ മെഡിക്കല്‍ കോളജിന് സമീപമുള്ള സലാം റസ്റ്ററന്റില്‍ വെച്ച് കെ.കെ ലതികയെ കാണാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും പൊലീസ് അനുമതി നല്‍കി.

എ.ആര്‍ ക്യാമ്പിലെ പൊലീസാണ് മോഹനന്റെ കൂടെ ഉണ്ടായിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിനോട് എത്രയും വേഗം അന്വേഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐ ഹാലിദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ്, സിവില്‍ പൊലീസ് ഓഫീസര്‍ ഗണേഷന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ഉത്തരവാദിത്തമില്ലെന്നുമുള്ള നിരുത്തരവാദിത്തപരമായ നിലപാടാണ് ജയിലധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയുടെ സംരക്ഷണച്ചുമതല ജയില്‍ അധികൃതര്‍ക്കായതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാതെ വഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ സംസ്ഥാന രഹസ്യാന്വേഷണ പൊലീസ് സംഭവത്തെ ഗൗരവത്തില്‍ തന്നെ കാണുന്നു.

ഗുരുതരമായ ചട്ടലംഘനമാണ് നടന്നിരിക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കാണാന്‍ നിയമപരമായി രണ്ട്  മാര്‍ഗങ്ങള്‍ മാത്രമേയുള്ളു. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുമ്പോള്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ അല്ലെങ്കില്‍ ജയിലില്‍ വെച്ച് ജയില്‍ സൂപ്രണ്ടിന് പ്രത്യേക അപേക്ഷ നല്‍കിയും മാത്രമേ സന്ദര്‍ശനം അനുവദിച്ചിട്ടുള്ളൂ.

കേസന്വേഷണം അട്ടിമറിക്കാനുള്ള സി.പി.ഐ.എമ്മിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയതെന്ന് യു.ഡി.എഫിന്റെ ഭാഗതത് നിന്നും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.

Advertisement