മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയ്ക്കുസമീപം തലപ്പാറയില്‍ ചരക്കുലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.

തുടര്‍ച്ചയായി അപകടമുണ്ടാകുന്നതുതടയാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ഏറ്റവുംകൂടുതല്‍ അപകടസാധ്യതയുള്ള റോഡാണ് തിരൂരങ്ങാടി കൂരിയാട് ദേശീയപാത. ഇടയ്ക്കിടെയുള്ള അപകടങ്ങള്‍ കാരണം പല ഭാഗത്തും സംരക്ഷണത്തൂണുകള്‍ അടര്‍ന്നുവീണിട്ടുണ്ട്. റോഡിനുള്ള അമിതമിനുസംകാരണം വാഹനങ്ങള്‍ക്ക് ബ്രേക്ക് ലഭിക്കാന്‍ പ്രയാസമുള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. സ്ഥലം പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് ശ്രദ്ധയില്‍പെടുന്നവിധം അപായസൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. റോഡരികിലെ മാലിന്യനിക്ഷേപം രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു.

റോഡിന്റെ ഘര്‍ഷണം കൂട്ടാനുള്ള സംവിധാനമൊരുക്കുക, വരമ്പുകള്‍ സ്ഥാപിക്കുക, ഇരുഭാഗത്തും സുരക്ഷാതൂണുകള്‍ സ്ഥാപിക്കുക, തലപ്പാറ ജംഗ്ഷനോടു ചേര്‍ന്ന റോഡിലെ വളവുകള്‍ നിവര്‍ത്തുക, വ്യക്തമായ അപകടസൂചന നല്‍കുകയോ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുകയോ ചെയ്യുക എന്നീ മുന്‍കരുതലുകള്‍ ദേശീയപാത അധികൃതര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നത്.