കുന്നംകുളം: കണ്ടെയ്‌നര്‍ ലോറി ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു.

കുന്നംകുളം കോലാടി വീട്ടില്‍ ജോണ്‍സണ്‍(39) പഴഞ്ഞി അരുവായി കീഴഞ്ചേരി സജിതിന്റെ ഭാര്യ റീജ(25), കോതച്ചിറ സ്വദേശി മുഹമ്മദ്(40), ചാലിശ്ശേരി മൂളിപ്പറമ്പ് മുഹസിന്‍ മുസ്ലിയാര്‍ എന്നിവരാണ് സംഭവസ്ഥലത്തുവെച്ചു മരിച്ചത്.പരിക്കേറ്റയാളുടെ നില അതീവഗുരുതരമാണ്.

കുന്നംകുളം ടൗണില്‍ പട്ടാമ്പി റോഡില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ദുരന്തം. ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് ലോറി നിര്‍ത്താതെ പോവുകയായിരുന്നു.അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തിനിടയാക്കിയ കണ്ടെയ്‌നര്‍ വളാഞ്ചേരിയില്‍വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.ചാറ്റല്‍ മഴയില്‍ റോഡ് വഴുക്കിയതിനെത്തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നു പറയുന്നു. സ്ഥിരം അപകട മേഖലയാണു പട്ടാമ്പി റോഡ്.