ദമാം: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യന്‍, ബെന്നി, മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയായ സഫ്‌വാന്‍ എന്നിവരാണ് മരിച്ചത്. മരിച്ച നാലാമത്തെ മലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല.

വാഹനമോടിച്ചിരുന്നയാളാണ് മരിച്ച അഞ്ചാമത്തെയാള്‍. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിക്ക് പരിക്കേറ്റു. മദീനയില്‍ നിന്ന് മക്കയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് മറികയായിരുന്നു. മക്കയിലും സമീപപ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കനത്ത ചൂടിനെത്തുടര്‍ന്ന് വാഹനങ്ങളുടെ ടയര്‍പൊട്ടിയ സംഭവങ്ങള്‍ ഇതിനുമുമ്പും ഇവിടെയുണ്ടായിട്ടുണ്ട്.