കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ രാവിലെയുണ്ടായ വാഹനാപകടത്തില്‍ നാലു സ്ത്രീകള്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

രാമനാട്ടുകര വേങ്ങാട് സ്വദേശിനി തങ്കം (37),  കൊയിലാണ്ടി വലിയമങ്ങാട് പ്രേമലത (60) പേരാമ്പ്ര സ്വദേശിനി ഗിരിജ, കണ്ണൂര്‍ സ്വദേശിയായ സൂര്യ (23) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ബേപ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസും കാറും കൂട്ടിയിടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു. ഇതിനിടയില്‍ ബസ് ഒരു ബൈക്കിലും ഇടിച്ചു. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലകീഴായി മറിഞ്ഞ ബസില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ ബസ് വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്.

ട്രാഫിക് സിഗ്നല്‍ അവഗണിച്ച് വന്ന ബസ് കാറിലിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കാറിലെ യാത്രക്കാരെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.ആലുപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.