മലപ്പുറം: ഗള്‍ഫില്‍നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ യുവാവ് സഞ്ചരിച്ച സഞ്ചരിച്ച ഓട്ടോ എതിരെ വന്ന കാറിനിടിച്ച്
യുവാവുള്‍പ്പടെ കുടുംബത്തിലെ  അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കൊണ്ടോട്ടിക്കടുത്ത് കൊട്ടപ്പുറത്താണ് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബഷീര്‍,  മകന്‍ സാദിഖ്‌, പിതാവ് സെയ്തലവി, സഹോദരന്‍ അബൂബക്കര്‍, സഹോദരിയുടെ ഭര്‍ത്താവ് നൗഫല്‍ എന്നിവരാണ് മരിച്ചത്.

ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ ബഷീര്‍ എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്കു വരുന്നതിനിടെയാണ് കൊട്ടപ്പുറം-യൂണിവേഴ്‌സിറ്റി റോഡില്‍വെച്ച് അപകടമുണ്ടാകുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ എതിരെ വന്ന നാനോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. ഇടിയെത്തുടര്‍ന്ന് ഓട്ടോ ഒന്നിലേറെ തവണ തലകീഴായി മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപവീതം മുഖ്യമന്ത്രി ധനസഹായം അനുവദിച്ചതായി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അറിയിച്ചു. പരിക്കേറ്റവരുടെ ചികില്‍സാചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കും.